ഭൂരിപക്ഷമില്ലെന്നു സമ്മതിച്ച് ഫഡ്‌നാവിസ്; രാജി

ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറും രാജി നല്‍കി
ദേവേന്ദ്ര ഫഡ്‌നാവിസ്/എഎന്‍ഐ, ട്വിറ്റര്‍
ദേവേന്ദ്ര ഫഡ്‌നാവിസ്/എഎന്‍ഐ, ട്വിറ്റര്‍

മുംബൈ: മഹാരാഷ്ട്രയില്‍ നാലു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. നിയമസഭയില്‍ നാളെ വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നു മണിക്കൂറുകള്‍ക്കകമാണ് രാജി. ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറും രാജി നല്‍കി.

അജിത് പവാര്‍ രാജിവച്ച് എന്‍സിപിയിലേക്കു മടങ്ങിയതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ, വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ വോട്ടുചെയ്തത് ബിജെപി-ശിവസേന സഖ്യത്തിനായിരുന്നെന്ന് ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ ഫലം വന്നതിനു പിന്നാലെ വിലപേശല്‍ തുടങ്ങുകയാണ് ശിവസേന ചെയ്തത്. ഇതാണ് കാര്യങ്ങളെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചതെന്ന് ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. 

സര്‍ക്കാര്‍ രൂപീകരിച്ചത് നിയമപ്രകാരമായിരുന്നെന്ന് ഫഡ്‌നാവിസ് പറഞ്ഞു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാര്‍ പിന്തുണ അറിയിച്ചതിനെത്തുടര്‍ന്നാണ് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനാവാതെ അജിത് പവാര്‍ രാജിവച്ചു. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജിവച്ചൊഴിയുകയാണെന്ന് ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നാളെ വിശ്വാസവോട്ടെടുപ്പു നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെ, ഭൂരിപക്ഷമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. നാളെ ഭൂരിപക്ഷം തെളിയിക്കുമെന്നു നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് അജിത് പവാറിന്റെ രാജി വാര്‍ത്ത പുറത്തുവന്നത്. 

അജിത് പവാറിനൊപ്പം എന്‍സിപി എംഎല്‍എമാര്‍ ആരുമില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. അജിത് പവാര്‍ ഒഴികെയുള്ള എംഎല്‍എമാരെയെല്ലാം എന്‍സിപി-സേനാ-കോണ്‍ഗ്രസ് സഖ്യം മുംബൈയിലെ ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുപ്പിച്ചു. ഇതോടെ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരുന്നു. 

നാളെ വൈകിട്് അഞ്ചു മണിക്കകം വിശ്വാസവോട്ട് തേടാനാണ് സുപ്രീം കോടതി ഫഡ്‌നാവിസ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com