ഈ മണ്ണില്‍ കാലുകുത്തിയാല്‍ പ്രജ്ഞ സിങ് താക്കൂറിനെ ജീവനോടെ കത്തിക്കും; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി

മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് ലോക്‌സഭയില്‍ പറഞ്ഞ ബിജെപി എംപി പ്രജ്ഞ സിങ് താക്കൂറിനെ ജീവനോട് കത്തിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ഈ മണ്ണില്‍ കാലുകുത്തിയാല്‍ പ്രജ്ഞ സിങ് താക്കൂറിനെ ജീവനോടെ കത്തിക്കും; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് ലോക്‌സഭയില്‍ പറഞ്ഞ ബിജെപി എംപി പ്രജ്ഞ സിങ് താക്കൂറിനെ ജീവനോട് കത്തിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ധന്‍ ദാംഗിയാണ് സംസ്ഥാനത്ത് കാലുകുത്തിയാല്‍ പ്രജ്ഞയെ ജീവനോട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

'ഞങ്ങള്‍ അവരുടെ കോലം മാത്രം ആയിരിക്കില്ല കത്തിക്കുന്നത്, ഈ മണ്ണില്‍ കാലു കുത്തിയാല്‍ അവരെ ഞങ്ങള്‍ ജീവനോടെ കത്തിക്കും'- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പ്രജ്ഞയുടെ പ്രസ്താവനയെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ തള്ളിപ്പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവന അപലപനീയമാണ്. ഇത്തരം ആശയങ്ങളെയോ പ്രസ്താവനകളെയോ ബിജെപി ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ വ്യക്തമാക്കി. പ്രജ്ഞയെ ഈ സെഷനില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററി ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രജ്ഞയുടെ ഗോഡ്‌സെ അനുകൂല പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇന്നലെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗോഡ്‌സെയെ പ്രജ്ഞ, ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ''വൈ ഐ കില്‍ഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രജ്ഞ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രജ്ഞ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com