കശ്മീരില്‍ കോപ്റ്റര്‍ വീഴ്ത്തിയത് വലിയ പിഴവ് ; തെറ്റ് ഏറ്റുപറഞ്ഞ് വ്യോമസേന

പാകിസ്ഥാന്റെ ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കും. സൗദിയിലേതുപോലുള്ള ഡ്രോണ്‍ ആക്രമണത്തെ സേന പ്രതിരോധിക്കുമെന്നും വ്യോമസേന മേധാവി
കശ്മീരില്‍ കോപ്റ്റര്‍ വീഴ്ത്തിയത് വലിയ പിഴവ് ; തെറ്റ് ഏറ്റുപറഞ്ഞ് വ്യോമസേന

ന്യൂഡല്‍ഹി : ശ്രീനഗറിലെ ബദ്ഗാമില്‍  ഫെബ്രുവരി 27ന് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന് വ്യോമസേന. പാകിസ്ഥാന്‍ വിമാനമാണെന്ന് വിചാരിച്ചാണ് ആക്രമണം നടത്തിയതെന്നും, പിഴവ് തുറന്നുപറഞ്ഞ് വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ദദൗരിയ വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായി. പിഴവ് വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഔദ്യോഗിക നടപടിയും അച്ചടക്ക നടപടിയും കൈക്കൊണ്ടതായും വ്യോമസേനാ മേധാവി പറഞ്ഞു. 

പാകിസ്ഥാനിലെ ബലാകോട്ടിലെ ജെയ്‌ഷെ ഭീകര താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിനു പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ അപകടത്തില്‍  ആറ് സൈനികര്‍ക്കും ഒരു നാട്ടുകാരനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വലിയ പിഴവാണ് നമുക്കുണ്ടായത്. ഇത്തരം പിഴവുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ദദൗരിയ പറഞ്ഞു. പാകിസ്ഥാന്റെ ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കും. സൗദിയിലേതുപോലുള്ള ഡ്രോണ്‍ ആക്രമണത്തെ സേന പ്രതിരോധിക്കുമെന്നും വ്യോമസേന മേധാവി പറഞ്ഞു. 

ശത്രു-മിത്ര വിമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഐഡറ്റിഫിക്കേഷന്‍ ഓഫ് ഫ്രണ്ട് ഓര്‍ ഫോ(ഐഎഫ്എഫ്) ഹെലികോപ്റ്ററില്‍ ഓഫ് ആയിരുന്നു. ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരും തമ്മിലുളള ബന്ധത്തില്‍ ഇത് വലിയ തടസ്സമായി. വ്യോമ പ്രതിരോധത്തിനുള്ള റഡാറുകള്‍ക്ക് ഇതുമൂലം വിമാനം വേര്‍തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ശ്രീനഗര്‍ വ്യോമതാവളത്തിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിനു തൊട്ടുമുന്‍പ് ഇന്ത്യ ഒരു മിസൈല്‍ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇരുപത്തഞ്ചോളം പാക്ക് വിമാനങ്ങള്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. പാക്ക് യുദ്ധവിമാനങ്ങള്‍ക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങള്‍ (യുഎവി) ആക്രമണത്തിനു ശ്രമിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യന്‍ കോപ്റ്റര്‍ റഡാറില്‍ കണ്ടപ്പോള്‍ പാക്ക് യുഎവി ആയി സംശയിച്ച് മിസൈല്‍ അയച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 

രാജ്യാന്തര തലത്തില്‍ പേരുകേട്ട, റഷ്യന്‍ നിര്‍മിത എംഐ17 വി5 ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍മൂലം തകര്‍ന്നുവീഴാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തലുണ്ടായത്. ആകാശത്തു വലിയൊരു സ്‌ഫോടനശബ്ദം കേട്ടതായും തുടര്‍ന്ന് തീഗോളമായി കോപ്റ്റര്‍ താഴേയ്ക്കു വീഴുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്. അതേസമയം ഇന്ത്യയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തിനു പിന്നില്‍ പാക്ക് ആക്രമണമല്ലെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com