പിന്നില്‍ അടുപ്പക്കാരന്‍, ഒന്നിലധികം ആളുകളെയും സംശയിക്കുന്നു, ബോധം നഷ്ടപ്പെടാന്‍ കാരണം വിഷമാകാം; ആര്‍എസ്എസ് കുടുംബത്തിന്റെ കൊലപാതകത്തില്‍ പൊലീസ്

പിന്നില്‍ അടുപ്പക്കാരന്‍, ഒന്നിലധികം ആളുകളെയും സംശയിക്കുന്നു, ബോധം നഷ്ടപ്പെടാന്‍ കാരണം വിഷമാകാം; ആര്‍എസ്എസ് കുടുംബത്തിന്റെ കൊലപാതകത്തില്‍ പൊലീസ്

കുടുംബവുമായി അടുത്ത ബന്ധമുളള ആളാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും വെട്ടിക്കൊന്നതെന്ന് സംശയിക്കുന്നതായി പൊലീസ്

കൊല്‍ക്കത്ത: കുടുംബവുമായി അടുത്ത ബന്ധമുളള ആളാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും വെട്ടിക്കൊന്നതെന്ന് സംശയിക്കുന്നതായി പൊലീസ്. ഇവരെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വിഷം നല്‍കാനുളള സാധ്യതയും തളളി കളയാന്‍ സാധിക്കില്ലെന്നും എഎസ്പി തനോയി സര്‍ക്കാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പ്രതികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മൂവരെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകനായ ബന്ധുപ്രകാശും ഭാര്യയും കുട്ടിയുമാണ് ദാരുണമായി മരിച്ചത്. ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുളള ഒരാളോ ഒന്നിലധികം ആളുകളോ ആകാം കൊലപാതകത്തിന് പിന്നിലെന്ന് എഎസ്പി പറയുന്നു. കൊലപാതകത്തിന് മുന്‍പ് ഇവര്‍ക്ക് വിഷം നല്‍കാനുളള സാധ്യത പൊലീസ് തളളി കളയുന്നില്ല. അതുകൊണ്ടാകാം അവര്‍ക്ക് പ്രതിരോധിക്കാനോ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാനോ കഴിയാത്തവിധം ബോധം നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നു. സംഭവം നടന്ന വീട്ടില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ബന്ധുപ്രകാശും ഭാര്യയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്ന് സൂചന നല്‍കുന്നതാണ് കുറിപ്പ്. കുറിപ്പ് ഭാര്യയാണ് എഴുതിയിരിക്കുന്നതെന്നും പൊലീസ് പറയുന്നു. കുറിപ്പ് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും എഎസ്പി പറഞ്ഞു. കേസില്‍ പ്രതികളെ പിടികൂടുന്നതിന് എല്ലാ വഴികളും തേടും.ഒന്നും വിട്ടുകളയുകയില്ലെന്നും പൊലീസ് പറയുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സംശയം തോന്നുന്ന എല്ലാം അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം ബന്ധുപ്രകാശും കുടുംബവും സാഗര്‍ദിഘി മേഖലയിലാണ് താമസിച്ചിരുന്നത്. അവിടെ, കടം വാങ്ങിയതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ജിയാഗഞ്ച് മേഖലയിലേക്ക് ഇവര്‍ താമസം മാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com