മാതാപിതാക്കള്‍ക്ക് ചെലവിന് കൊടുത്തിട്ട് സന്യസിച്ചാല്‍ മതി; ഹൈക്കോടതി ഉത്തരവ്

സന്യസിക്കാന്‍ പോയാലും അച്ഛനും അമ്മയ്ക്കും ചെലവിന്‌കൊടുക്കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: സന്യസിക്കാന്‍ പോയാലും അച്ഛനും അമ്മയ്ക്കും ചെലവിന്‌
കൊടുക്കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി. 'സന്യാസിയാണെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണം' മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച മകനോട് കോടതി ഉത്തരവിട്ടു. ധര്‍മേഷ് ഗോയല്‍ എന്ന 27കാരനോടാണ് കോടതി മാതാപിതാക്കള്‍ക്ക് മാസം 10,000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

മാതാപിതാക്കളുടെ ഏക മകനാണ് ഗോയല്‍. ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഗോയല്‍. ഫാര്‍മസിയില്‍ മാസറ്റര്‍ ബിരുദം നേടിയ ഗോയലിന് 60,000 രൂപ പ്രതിമാസം ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ജോലി നിരസിച്ച ഗോയല്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒയ്ക്ക് ഒപ്പം ചേര്‍ന്നു. മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ഗോയല്‍ എവിടെയാണെന്ന് പോലും അറിയിച്ചില്ല.  പൊലീസിന്റെ സഹായത്തോടെയാണ് മകനെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പക്കല്‍ നിന്നും 50,000 രൂപ വാങ്ങിയശേഷമാണ് മകന്‍ പോയത്.

ജോലിനേടിയ ശേഷം മകന്‍ തങ്ങളെ നോക്കുമെന്നാണ് ഇവര്‍ കരുതിയത്. ഏകദേശം 35 ലക്ഷം രൂപയാണ് ഇവര്‍ മകന്റെ പഠനത്തിനായി ചെലവഴിച്ചത്. മകന്‍ മാത്രമാണ് ശേഷിച്ച ജീവിതത്തില്‍ ഒരാശ്രയം. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും സന്യാസമാണ് തന്റെ ജീവിതലക്ഷ്യമെന്നും പറഞ്ഞതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ ഭാഗം ന്യായമാണെന്ന് മനസിലാക്കിയ കോടതി മകന്‍ ചെലവിന് കൊടുക്കണമെന്ന് വിധിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com