ജമ്മു കശ്മീര്‍ വിഷയത്തില്‍  ഒരു രാജ്യവും ഇടപെടേണ്ട; അഭിപ്രായവും പറയേണ്ട; ചൈനയ്ക്ക് ഇന്ത്യയുടെ ചുട്ട മറുപടി

ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നു വിദേശകാര്യ മന്ത്രാലയം
ജമ്മു കശ്മീര്‍ വിഷയത്തില്‍  ഒരു രാജ്യവും ഇടപെടേണ്ട; അഭിപ്രായവും പറയേണ്ട; ചൈനയ്ക്ക് ഇന്ത്യയുടെ ചുട്ട മറുപടി

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370ാം വകുപ്പ് പരിഷ്‌കരിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് ചൈന നടത്തിയ അഭിപ്രായ പ്രകടനത്തിന് ഇന്ത്യ ചുട്ട മറുപടി നല്‍കി.

ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ചൈന ഇടപെടേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിയമ വിരുദ്ധവും നിരര്‍ഥകവുമാണെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ചൈനയടക്കം ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനോട് ഇന്ത്യയ്ക്ക് താല്‍പര്യമില്ല. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുമില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് ചൈന ആരോപിച്ചിരുന്നു. ജമ്മു കശ്മീരും ലഡാക്കും പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുമ്പോള്‍ ചൈനയുടെ അധികാര പരിധിയിലുള്ള ചില സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും ഇത് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

ഇന്ത്യയുടെ നീക്കത്തെ ചൈന അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും അര്‍ഥരഹിതവും ഒരുവിധത്തിലും പ്രയോജനം ചെയ്യാത്തതുമായ നീക്കമാണ്. ചൈനയുടെ പരമാധികാരത്തെ ഇന്ത്യ ബഹുമാനിക്കണമെന്നും അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സഹകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപവത്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ ചൈനയോട് പറഞ്ഞിരുന്നു. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് ഇന്ത്യയുടേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com