സാമ്പത്തിക പ്രതിസന്ധി; ആന്ധ്രാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഇനി സര്‍ക്കാര്‍ സ്ഥാപനം

ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എപിഎസ്ആര്‍ടിസി) ഇനി മുതല്‍ സര്‍ക്കാര്‍ സ്ഥാപനം
സാമ്പത്തിക പ്രതിസന്ധി; ആന്ധ്രാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഇനി സര്‍ക്കാര്‍ സ്ഥാപനം

വിജയവാഡ: ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എപിഎസ്ആര്‍ടിസി) ഇനി മുതല്‍ സര്‍ക്കാര്‍ സ്ഥാപനം. കനത്ത സാമ്പത്തിക നഷ്ടത്തിലായിരുന്ന കോര്‍പറേഷനെ സര്‍ക്കാരില്‍ ലയിപ്പിക്കാനുളള തീരുമാനത്തിന് ആന്ധ്രാ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ അര ലക്ഷത്തോളം തൊഴിലാളികള്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരായി മാറും. 

നഷ്ടക്കണക്ക് മാത്രം പറയാനുണ്ടായിരുന്ന എപിഎസ്ആര്‍ടിസിക്ക്  6373 കോടി രൂപ ബാധ്യതയുണ്ടായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കാനോ കോര്‍പറേഷന് പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തൊഴില്‍ സുരക്ഷിതത്വം തേടി എപിഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ സമരം ചെയ്തത്. 

അധികാരത്തിലെത്തിയാല്‍ എപിഎസ്ആര്‍ടിസി സര്‍ക്കാരില്‍ ലയിപ്പിക്കുമെന്ന്, തെരഞ്ഞെടുപ്പ് കാലത്ത് ജഗന്‍ മോഹന്‍ റെഡ്ഡി സമരം ചെയ്ത തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അതാണിപ്പോള്‍ നടപ്പാകുന്നത്.  53261 തൊഴിലാളികള്‍ ഇനി സര്‍ക്കാര്‍ ജീവനക്കാരാണ്. ഇവരുടെ വിരമിക്കല്‍ പ്രായം സര്‍ക്കാര്‍ ജീവനക്കാരുടേത് പോലെ 58ല്‍ നിന്ന് 60 ആയി ഉയരും. എല്ലാ ആനുകൂല്യങ്ങളും  കിട്ടുകയും ചെയ്യും.

ലയനം പഠിക്കാന്‍ നിയോഗിച്ച ആഞ്ജനേയ കമ്മിറ്റിയുടെ ശുപാര്‍ശകളെല്ലാം മന്ത്രിസഭ അംഗീകരിച്ചു.  ഇനി നിലവില്‍ വരുന്ന പൊതുഗതാഗത വകുപ്പിന് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകും. മൂന്ന് മാസത്തിനുളളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

എപിഎസ്ആര്‍ടിസിയിലെ  നഷ്ടം നികത്തുകയാണ് സര്‍ക്കാരിന് വെല്ലുവിളി. സര്‍ക്കാര്‍ സ്ഥാപനം ആകുന്നതോടെ ഇന്ധനം വാങ്ങുന്നതിലുളള നികുതി ഒഴിവാകുന്നത് നേട്ടമാകും. കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com