തളരരുത്, രാജ്യം ഒപ്പമുണ്ട് ; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. ഓരോ ഇന്ത്യാക്കാരനും ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ട്
തളരരുത്, രാജ്യം ഒപ്പമുണ്ട് ; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി

ബംഗലൂരു : ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യം കൈവരിക്കാത്തതില്‍ നിരാശപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്യത്തിന് തൊട്ടരുകില്‍ വരെ നമ്മള്‍ എത്തി. തടസ്സങ്ങളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന് പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍ ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓരോ ഇന്ത്യാക്കാരനും ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ട്. ബഹിരാകാശ പദ്ധതിയില്‍ നാം അഭിമാനിക്കുന്നു. ചന്ദ്രനെ തൊടാനുള്ള നിശ്ചയദാര്‍ഡ്യം ദൃഢമായി.  രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ശാസ്ത്രജ്ഞരെയും കുടുംബത്തെയും അഭിനന്ദിക്കുന്നു. കൂടുതല്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു. പുലര്‍ച്ചെ 1.38ന് ചന്ദ്രോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുന്‍നിശ്ചയപ്രകാരം ചന്ദ്രന് 7.4 കിലോമീറ്റര്‍ അടുത്തേക്ക് റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്തി. ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിങ് ഘട്ടമായിരുന്നു അടുത്തത്. പൊടുന്നനെ വിക്രമില്‍നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com