ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക ലക്ഷ്യം; ഹരിയാനയിലും കോണ്‍ഗ്രസ്- ബിഎസ്പി സഖ്യത്തിന് സാധ്യത തെളിയുന്നു

ബിജെപിയെ ചെറുക്കാന്‍ മധ്യപ്രദേശിലും രാജസ്ഥാനിലും രൂപം നല്‍കിയ കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം ഹരിയാനയിലും തുടരാന്‍ സാധ്യത
ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക ലക്ഷ്യം; ഹരിയാനയിലും കോണ്‍ഗ്രസ്- ബിഎസ്പി സഖ്യത്തിന് സാധ്യത തെളിയുന്നു

ന്യൂഡല്‍ഹി: ബിജെപിയെ ചെറുക്കാന്‍ മധ്യപ്രദേശിലും രാജസ്ഥാനിലും രൂപം നല്‍കിയ കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം ഹരിയാനയിലും തുടരാന്‍ സാധ്യത. ഈ വര്‍ഷം അവസാനം ഹരിയാനയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ യോജിച്ച് പോരാടാന്‍ ഇരുപാര്‍ട്ടികളും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയും ബിഎസ്പി നേതാവ് മായാവതിയുമായി  ചര്‍ച്ച നടത്തിയിരുന്നു. ഹരിയാനയില്‍ പുതിയ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹരിയാനയില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന ഈ കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.
 
നേരത്തെ ദുഷ്യന്ത് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചതായി ബിഎസ്പി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സഖ്യം അധികം നാള്‍ നീണ്ടില്ല. ഇരുപാര്‍ട്ടികളും സഖ്യം ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായുളള സഖ്യസാധ്യത സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹരിയാന സന്ദര്‍ശനത്തിലൂടെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. നിലവിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com