അച്ചടക്കത്തിന് വെല്ലുവിളി ; വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധിക്കെതിരെ സൈന്യം അപ്പീലിന്

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാംവകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെടുമെന്നാണ് ആശങ്ക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. ഈ നിയമത്തില്‍ നിന്നും സൈന്യത്തെ ഒഴിവാക്കണമെന്നാണ് കരസേനയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കരസേന സുപ്രീംകോടതിയെ സമീപിച്ചേക്കും.

വിവാഹേതരബന്ധത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാംവകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെടുമെന്നാണ് ആശങ്ക. സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍  രണ്ടാമത്തെ വലിയ കുറ്റമാണ്. വധശിക്ഷ വരെ ലഭിച്ചേക്കാം. കുറ്റം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പുറത്താക്കാനും സൈനികചട്ടങ്ങള്‍ പ്രകാരം സാധിക്കും. എന്നാല്‍, 497-ാം വകുപ്പ് നീക്കിയത് അച്ചടക്കം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് സേനാവൃത്തങ്ങള്‍ പറയുന്നു.

ജോലിയുടെ ഭാഗമായി പുരുഷ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ അച്ചടക്കമില്ലാത്ത പെരുമാറ്റം ചില പുരുഷ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദാമ്പത്യത്തില്‍ ഭര്‍ത്താവിന് മേധാവിത്വം നല്‍കുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള നിയമമാണെന്ന് ചൂണ്ടിക്കാട്ടി 2018 സെപ്റ്റംബറിലാണ് വിവാഹേതരബന്ധത്തെ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com