'പ്രതിപക്ഷ നേതൃസ്ഥാനവുമില്ല, സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷപദവിയുമില്ല'; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി 

കഴിഞ്ഞ ലോക്‌സഭയില്‍ ധനകാര്യ, വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ആ സ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു
'പ്രതിപക്ഷ നേതൃസ്ഥാനവുമില്ല, സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷപദവിയുമില്ല'; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി 

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭയില്‍ ധനകാര്യ, വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ആ സ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ഈ സമിതികളുടെ അധ്യക്ഷ പദവി നല്‍കുകയില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹഌദ് ജോഷി തന്നെ ഔദ്യോഗികമായി അറിയിച്ചതായി കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്ഥിരീകരിച്ചു.

നിലവില്‍ ലോക്‌സഭയില്‍ അംഗസംഖ്യ 52ല്‍ താഴെയാണെന്നത് കാരണമായി ചൂണ്ടിക്കാണിച്ചാണ്് അധ്യക്ഷ പദവികള്‍ കോണ്‍ഗ്രസിന് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ ഉയര്‍ന്നതിനെ ന്യായീകരിച്ച് പദവികള്‍ ബിജെപി ഏറ്റെടുക്കും. കഴിഞ്ഞതവണ 283 അംഗങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 303 ആണ് ബിജെപിയുടെ നിലവിലെ ലോക്‌സഭയിലെ അംഗബലം.

രാജ്യസഭയും ലോക്‌സഭയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പുനഃസംഘടന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചുളള ഈ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാരില്‍ തുടരുകയാണ്. അതിനിടെയാണ് വിദേശകാര്യ, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ബിജെപി നിഷേധിച്ചത്. ഇത് അനീതിയാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ വീതിച്ചുനല്‍കുന്ന ജനാധിപത്യമര്യാദയാണ് ഇല്ലാതായതെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

ഈ കമ്മിറ്റികളുടെ അധ്യക്ഷ പദവി വഹിക്കാന്‍ ആഗ്രഹമുളളതായി കോണ്‍ഗ്രസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭയില്‍  ഈ രണ്ട് സമിതികളുടെ അധ്യക്ഷപദവി വഹിച്ചിരുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലിയും ശശി തരൂരുമായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് അപ്രധാനമായ കമ്മിറ്റികളുടെ അധ്യക്ഷ പദവി ലഭിക്കാനാണ് സാധ്യത.

കഴിഞ്ഞ തവണത്തെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നതാണ് കണ്ടത്. നോട്ടുനിരോധനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വീരപ്പമൊയ്‌ലി അധ്യക്ഷനായുളള സമിതിയുടെ അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ തടസ്സപ്പെടുത്തുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരുന്നത്.

അതേസമയം,രാജ്യസഭയുമായി ബന്ധപ്പെട്ട ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷ പദവി നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പി ചിദംബരത്തിന് പകരമായി രാജ്യസഭ ഉപനേതാവ് ആനന്ദ് ശര്‍മ്മയെ ഇതിന്റെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് വൈകാതെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com