കോണ്‍ഗ്രസിന് തിരിച്ചടി; ധനകാര്യ, വിദേശകാര്യ സമിതികള്‍ നഷ്ടമായി, ബിജെപി ഏറ്റെടുത്തു, ശശി തരൂര്‍ ഐടി സമിതി അധ്യക്ഷന്‍ 

പാര്‍ലമെന്റിന്റെ വിവിധ സമിതികളുടെ അംഗങ്ങളെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
കോണ്‍ഗ്രസിന് തിരിച്ചടി; ധനകാര്യ, വിദേശകാര്യ സമിതികള്‍ നഷ്ടമായി, ബിജെപി ഏറ്റെടുത്തു, ശശി തരൂര്‍ ഐടി സമിതി അധ്യക്ഷന്‍ 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വിവിധ സമിതികളുടെ അംഗങ്ങളെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന നിര്‍ണായക സമിതികളുടെ അധ്യക്ഷ പദവി ഇത്തവണ നഷ്ടമായി. ലോക്‌സഭയുടെ ധനകാര്യ, വിദേശകാര്യ സമിതികളുടെ അധ്യക്ഷ പദവിയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഇരു അധ്യക്ഷ പദവിയും ബിജെപി ഏറ്റെടുത്തു.

കോണ്‍ഗ്രസ് എംപി ശശി തരൂരായിരുന്നു വിദേശകാര്യ സമിതിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നത്. നിലവില്‍ ഐടി സമിതിയുടെ അധ്യക്ഷ പദവി ശശി തരൂരിന് നല്‍കിയിട്ടുണ്ട്.ബിജെപി എംപി പി പി ചൗധരിയാണ് വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷന്‍. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയെ നിയമിച്ചു. മുന്‍പ് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയാണ് ഈ പദവി വഹിച്ചിരുന്നത്. കാലങ്ങളായി വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷ പദവി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിക്ക് നല്‍കി വന്നിരുന്ന കീഴ്‌വഴക്കം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചതായി ശശി തരൂര്‍ വ്യക്തമാക്കി. രാജ്യാന്തരതലത്തില്‍ പക്വതയാര്‍ന്ന ജനാധിപത്യം എന്ന ഖ്യാതിക്ക് വീണ്ടും ഒരു തിരിച്ചടി നേരിട്ടതായും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

രാജ്യസഭയുടെ ആഭ്യന്തര, ശാസ്ത്ര-പരിസ്ഥിതി സമിതികളുടെ അധ്യക്ഷന്മാരായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയെയും ജയ്‌റാം രമേശിനെയും നിയോഗിച്ചു. നേരത്തെ പി ചിദംബരമാണ് ആഭ്യന്തര സമിതിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നത്. നിലവില്‍ കളളപ്പണ കേസില്‍ പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.ഡിഎംകെയുടെ കനിമൊഴിയാണ് വളം, രാസവള സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com