രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നു, 24മണിക്കൂറിനിടെ പൊലിഞ്ഞത് 37 ജീവനുകള്‍; പുതുതായി 896 പേര്‍ക്ക് കൊറോണ

നിലവില്‍ രാജ്യത്ത് 6761 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 206 ആയി. 24 മണിക്കൂറിനുളളില്‍ 37 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും 896 പേര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടാവുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പേരില്‍ കൊറോണ വൈറസ് ബാധ ഉണ്ടാവുന്നത്.

നിലവില്‍ രാജ്യത്ത് 6761 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 6039 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 516 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

പഞ്ചാബില്‍ കോവിഡ് സാമൂഹിക വ്യാപനം നടന്നതായുളള മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വാദം  കേന്ദ്ര ആരോഗ്യമന്ത്രാലയം തളളി. ഇതുവരെ രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചാബില്‍ 27 കോവിഡ് ബാധിതര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചതെന്ന അമരീന്ദര്‍ സിങ്ങിന്റെ വാദമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തളളിയത്. ഇത് സാമൂഹിക വ്യാപനമെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക്് മറുപടി പറയുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.

കോവിഡ് സാമൂഹിക വ്യാപനമല്ല ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി. അത്തരത്തില്‍ സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ അറിയിക്കും. ഇതുവരെ കോവിഡ് സാമൂഹിക വ്യാപനം ഇല്ല. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വ്യാഴാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയ 16002 സാമ്പിളുകളില്‍ രണ്ടു ശതമാനം കേസുകള്‍ മാത്രമാണ് പോസിറ്റീവ് ആയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗബാധയുടെ തോത് ഉയര്‍ന്നിട്ടില്ല എന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com