കൊറോണ : സൗജന്യ പരിശോധന പാവപ്പെട്ടവർക്ക് മാത്രം ; മാനദണ്ഡങ്ങൾ ഒരാഴ്ചയ്ക്കകം

പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
കൊറോണ : സൗജന്യ പരിശോധന പാവപ്പെട്ടവർക്ക് മാത്രം ; മാനദണ്ഡങ്ങൾ ഒരാഴ്ചയ്ക്കകം

ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളിലെ കൊറോണ വൈറസ് പരിശോധന പാവപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തി. സുപ്രീം കോടതിയാണ് പുതിയ ഉത്തരവിറക്കിയത്. സ്വകാര്യ ലാബുകളും എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്തണമെന്ന മുന്‍ ഉത്തരവാണ് സുപ്രീം കോടതി പരിഷ്‌കരിച്ചത്. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്.

പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) യുടെ ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍തന്നെ സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതേത്തുടർന്ന് മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശോധന സൗജന്യമാക്കേണ്ടതുണ്ടോ എന്നകാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തീരുമാനം സുപ്രീം കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കോവിഡ് 19 പരിശോധനയ്ക്ക് സ്വകാര്യലാബുകള്‍ക്ക് 4,500  രൂപയാണ് ഐസിഎംആര്‍ നിശ്ചയിച്ചിട്ടുള്ള തുക. സ്വകാര്യ ലാബുകളും സൗജന്യമായി പരിശോധന നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പരമോന്നത കോടതിയില്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വകാര്യ ലാബുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് വിഷയത്തില്‍ ഐസിഎംആര്‍ ഇടപെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com