പലചരക്ക്, പഴം, പച്ചക്കറി കടകള്‍, പാല്‍ ബൂത്തുകള്‍, മീന്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാം; ഹൈവേ ധാബകള്‍ക്കും ഇളവ്‌

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയെങ്കിലും അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം
പലചരക്ക്, പഴം, പച്ചക്കറി കടകള്‍, പാല്‍ ബൂത്തുകള്‍, മീന്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാം; ഹൈവേ ധാബകള്‍ക്കും ഇളവ്‌

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയെങ്കിലും അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. പലചരക്കുകടകള്‍, പച്ചക്കറി കടകള്‍, മില്‍ക്ക് ബൂത്തുകള്‍, മത്സ്യ, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. ഹൈവേയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ധാബകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് ഏപ്രില്‍ 20 ന് ശേഷം തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ക്രോഡീകരിച്ച മാര്‍ഗരേഖയില്‍ പറയുന്നു.

കാര്‍ഷിക മേഖലയ്ക്ക് മുഖ്യമായി ഇളവ് അനുവദിച്ചുകൊണ്ടുളള മാര്‍ഗരേഖയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ഏപ്രില്‍ 20ന് ശേഷം കാര്‍ഷിക ഉത്പനങ്ങളുടെ വിപണം, ഉത്പാദനം അടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കി കൊണ്ടുളളതാണ് മാര്‍ഗരേഖ. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുളള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ കടകളുടെ അനുബന്ധ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, സ്വിമ്മിങ് പൂള്‍,ബാറുകള്‍ തുടങ്ങിയവ മാര്‍ച്ച് 3 വരെ അടഞ്ഞു കിടക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക്ക്ഡൗണ്‍ കാലയളവ് പൂര്‍ത്തിയാകുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കണമെന്നും നിര്‍ദേശിക്കുന്നു. ഓട്ടോ, സൈക്കിള്‍ റിക്ഷ ഉള്‍പ്പെടെ എല്ലാ ടാക്‌സികളുടെയും ക്യാബുകളുടെയും സര്‍വീസും ഇക്കാലയളവില്‍ നിരോധിച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പൊതു ആരാധനാലയങ്ങളും മെയ് 3 വരെ അടച്ചിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു. അതായത് ആരാധനാലയങ്ങളില്‍ ഈ ദിവസങ്ങളില്‍ ചടങ്ങുകള്‍ മാത്രമേ നടക്കൂ. ഇതില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുകയില്ല.  ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ ഇക്കാലയളവില്‍ പങ്കെടുക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.


പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നതാണ് മാര്‍ഗരേഖയുടെ മുഖ്യ ലക്ഷ്യം. സാമൂഹിക അകലം കൃത്യമായി പാലിച്ചും മുഖാവരണം ധരിച്ചും തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത് ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.  
പണമിടപാടുകള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് ബാങ്ക് ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കാം. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തിനും തടസ്സമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com