രാജ്യത്തെ 325 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലുമില്ല, വിദേശത്ത് കൊറോണ ബാധിച്ച പ്രവാസികളുടെ എണ്ണം 3336: കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ 10500 ഐസൊലേഷന്‍ വാര്‍ഡുകളാണ് ഇതുവരെ സജ്ജീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ 10500 ഐസൊലേഷന്‍ വാര്‍ഡുകള്‍ ഇതുവരെ സജ്ജീകരിച്ചു. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി റെയില്‍വേ മുന്നോട്ടുപോകുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 3336 ആണ്. 53 രാജ്യങ്ങളിലെ വിവിധ ആശുപത്രികളിലായാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ വിദേശത്ത് 25 പ്രവാസികള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ശരാശരി 5.3 ആളുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ 24 പരിശോധനകളില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തുന്നതെന്ന് ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അമേരിക്ക, ജപ്പാന്‍, ബ്രിട്ടണ്‍, ഇറ്റലി എന്നി രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്തുളള കണക്കുകളാണ് പുറത്തുവിട്ടത്. ബ്രിട്ടണില്‍ 3.4 ആളുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് വീതം കോവിഡ് കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിയില്‍ ഇത് 6.7 ആളുകളില്‍ ഒരാളാണ്. ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. 11.7 ആളുകളില്‍ നടത്തിയ പരിശോധനയില്‍ മാത്രമാണ് കൊറോണ വൈറസ് ബാധയുളള ഒരാളെ കണ്ടെത്താനായതെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുവരെ കോവിഡ് കണ്ടെത്താനായി 2,90,401 പരിശോധനകളാണ് നടത്തിയത്. ഇന്നലെ മാത്രം 30,043 പേരില്‍ പരിശോധന നടത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കി.പൊതു, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ സാമ്പിള്‍ പരിശോധനയുടെ കണക്കുകളാണ് വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com