മുംബൈയിലും ജയ്പൂരിലും കൊല്‍ക്കത്തയിലും ഇന്‍ഡോറിലും സ്ഥിതി ഗുരുതരം;  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അവസാനിപ്പിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

 പ്രമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള സ്ഥിതിഗതികള്‍ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  പ്രമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള സ്ഥിതിഗതികള്‍ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈ, പുനെ എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. ഇതിന് പുറമേ മധ്യപ്രദേശിലെ ഇന്‍ഡോര്‍, രാജസ്ഥാനിലെ ജയ്പൂര്‍, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, കിഴക്കന്‍ മിഡ്‌നാപൂര്‍, നോര്‍ത്ത് 24 പര്‍ഗാനസ്, ഡാര്‍ജിലിംഗ്, തുടങ്ങിയ ഇടങ്ങളിലും കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,000 കടന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമുളള കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ലംഘനം നടന്നതായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമസംഭവങ്ങള്‍ ഇതില്‍ ഒന്നാണ്. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശവും പലയിടങ്ങളില്‍ പാലിച്ചില്ല. നഗരപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ ഓടിയതും കേന്ദ്രം ചൂണ്ടിക്കാണിച്ചു. ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പൊതുജനാരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇത് കോവിഡ് വ്യാപനം ഉയരാനും ഇടയാക്കും. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആറംഗ മന്ത്രിതല സമിതിക്ക് കേന്ദ്രം രൂപം നല്‍കി. കോവിഡ് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സമിതിക്ക് രൂപം നല്‍കിയത്. ഇതിന് പുറമേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതും സമിതിയുടെ ചുമതലയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com