റാപ്പിഡ് ടെസ്റ്റ് തത്കാലം വേണ്ട, ഫലത്തിന്റെ കൃത്യതയില്‍ സംശയം; സംസ്ഥാനങ്ങളോട് ഐസിഎംആര്‍

കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാനങ്ങളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാനങ്ങളോട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. രാജസ്ഥാനില്‍ ചൈനീസ് നിര്‍മിത റാപ്പിഡ് കിറ്റുകള്‍ ഉപയോഗിച്ചുളള കൊറോണ പരിശോധനാഫലത്തില്‍ പിഴവുകള്‍ കടന്നുകൂടിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശം.

ഫലത്തിന്റെ കൃത്യതയില്‍ സംശയം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടുദിവസം റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാനാണ് സംസ്ഥാനങ്ങളോട് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് ആവശ്യപ്പെട്ടത്.ഇവ പരിശോധനയ്ക്ക് വിധേയമാക്കും. വിദഗ്ധര്‍ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനകം സംസ്ഥാനങ്ങളെ തീരുമാനം അറിയിക്കുമെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതുവരെ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശോധനാ ഫലം പിഴവാണെന്ന്  ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് നിര്‍മിത റാപ്പിഡ് കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. റാപ്പിഡ് ടെസ്റ്റില്‍ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുക ആണ് പതിവ്. നെഗറ്റിവ് ആവുന്നവരെ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്യും. എന്നാല്‍ ചൈനീസ് കിറ്റുകളില്‍ 5.4 ശതമാനം ഫലം മാത്രമാണ് ശരിയാവുന്നതെന്ന് രാജസ്ഥാനിലെ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു.

ചൈനയില്‍ നിന്നു വരുത്തിയ കിറ്റുകള്‍ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റില്‍ പോസിറ്റിവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ കണക്കിലെടുത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം നിര്‍ത്തിവച്ചത്. ഐസിഎംആറിന്റെ നിര്‍ദേശം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും. അനുമതി ലഭിച്ചാല്‍ കിറ്റുകള്‍ തിരിച്ചയയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com