'സര്‍ക്കാര്‍ നിങ്ങളുടെ കൂടെ തന്നെ, സുരക്ഷ ഉറപ്പുവരുത്തും'; പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് ഡോക്ടര്‍മാരോട് അമിത് ഷാ 

കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുളള ഡോക്ടര്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
'സര്‍ക്കാര്‍ നിങ്ങളുടെ കൂടെ തന്നെ, സുരക്ഷ ഉറപ്പുവരുത്തും'; പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് ഡോക്ടര്‍മാരോട് അമിത് ഷാ 

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുളള ഡോക്ടര്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈറ്റ് അലര്‍ട്ട് നടത്താനിരിക്കേയാണ്, അമിത്ഷായുടെ ഉറപ്പ്. 

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുളള അക്രമം തടയാന്‍ ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഐഎംഎ ഇന്ന് വൈറ്റ് അലര്‍ട്ട് സംഘടിപ്പിക്കുന്നത്. ഇതിന് ശേഷവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഐഎംഎ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി. 'സര്‍ക്കാര്‍ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. പ്രതീകാത്മക പ്രതിഷേധത്തില്‍ നിന്ന് പിന്മാറണം'- അമിത് ഷാ അഭ്യര്‍ത്ഥിച്ചു.

വൈറ്റ് അലര്‍ട്ടിന് ശേഷവും അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ നാളെ കരിദിനം ആചരിക്കാനാണ് ഐഎംഎ തീരുമാനിച്ചിരിക്കുന്നത്. അന്ന് കറുത്ത ബാഡ്ജ് ധരിച്ചാകും ഡോക്ടര്‍മാര്‍ ജോലിക്ക് എത്തുക. പിന്നീടും കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com