4500 രൂപ മുടക്കി ഒരു ടെസ്റ്റ് കിറ്റും വാങ്ങിയിട്ടില്ല, പിസിആര്‍ ടെസ്റ്റ് കിറ്റിന് പരമാവധി വില 1150 രൂപ, റാപ്പിഡ് ടെസ്റ്റിന് 528- 795; വിശദീകരണവുമായി ഐസിഎംആര്‍

കോവിഡ് രോഗം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ആര്‍ടി- പിസിആര്‍ ടെസ്റ്റ് കിറ്റിന് 740 രൂപ മുതല്‍ 1150 രൂപ വരെയാണ് വില നിശ്ചയിച്ചത്
4500 രൂപ മുടക്കി ഒരു ടെസ്റ്റ് കിറ്റും വാങ്ങിയിട്ടില്ല, പിസിആര്‍ ടെസ്റ്റ് കിറ്റിന് പരമാവധി വില 1150 രൂപ, റാപ്പിഡ് ടെസ്റ്റിന് 528- 795; വിശദീകരണവുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി:  കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ആന്റി ബോഡി ടെസ്റ്റ് കിറ്റ് അമിത വില നല്‍കി വാങ്ങിയതിലെ വിവാദം നിലനില്‍ക്കേ, കോവിഡുമായി ബന്ധപ്പെട്ട വിവിധ പരിശോധനാ കിറ്റുകള്‍ക്ക് നിശ്ചയിച്ച് നല്‍കിയ വില പുറത്തുവിട്ട് പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയുമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കോവിഡ് രോഗം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ആര്‍ടി- പിസിആര്‍ ടെസ്റ്റ് കിറ്റിന് 740 രൂപ മുതല്‍ 1150 രൂപ വരെയാണ് വില നിശ്ചയിച്ചത്. അതായത് കിറ്റ് വാങ്ങാന്‍ പരമാവധി വിലയായി 1150 രൂപ മാത്രമേ നല്‍കുകയുളളൂ.

കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റിന് കുറഞ്ഞ വിലയായി 528 രൂപയാണ് നിശ്ചയിച്ചത്. പരമാവധി 795 രൂപ. ഈ പരിധിയില്‍ കിറ്റ് വിതരണം ചെയ്യാന്‍ തയ്യാറായവരെ മാത്രമേ പരിഗണിച്ചിട്ടുളളൂവെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു.  4500 രൂപ മുടക്കി ഒരു ടെസ്റ്റ് കിറ്റും വാങ്ങിയിട്ടില്ലെന്നും ഐസിഎംആര്‍ അറിയിച്ചു. പിസിആര്‍ ടെസ്റ്റിന് 4500 രൂപ ഈടാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.അതേസമയം ഇതിലും കുറഞ്ഞ നിരക്കില്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

അതിനിടെ, ആന്റി ബോഡി ടെസ്റ്റ് കിറ്റിന് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി 400 രൂപയായി നിശ്ചയിച്ചിരുന്നു. അതായത്  245 രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റ് കൂടിയ വിലയായ 600 രൂപ നല്‍കി ഐസിഎംആര്‍ വാങ്ങിയതാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിന് കാരണമായത്.  റാപ്പിഡ് ടെസ്റ്റ് കിറ്റിന് 528 മുതല്‍ 795 രൂപ വരെയുളള വിലപരിധിയില്‍ വിതരണം ചെയ്യാന്‍ തയ്യാറുളള കമ്പനികളെ മാത്രമേ പരിഗണിച്ചിട്ടുളളുവെന്നാണ് ഐസിഎംആര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ആന്റി ബോഡി ടെസ്റ്റ് കിറ്റ് അമിത വില നല്‍കി വാങ്ങിയതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കേയാണ് ഐസിഎംആറിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com