കോവിഡ് ബാധിതരെ ചികിത്സിക്കുമ്പോള്‍ രോഗം പകരുമെന്ന ഭയം വേണ്ട!; ഇന്‍ട്യൂബേഷന്‍ ബോക്‌സുമായി ഐഐടി, സൗജന്യമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ 'ക്രൗഡ് ഫണ്ടിങ്'

കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാതിരിക്കുന്നതിനുളള സാധ്യത കുറയ്ക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് ഐഐടി ഗുവാഹത്തി
കോവിഡ് ബാധിതരെ ചികിത്സിക്കുമ്പോള്‍ രോഗം പകരുമെന്ന ഭയം വേണ്ട!; ഇന്‍ട്യൂബേഷന്‍ ബോക്‌സുമായി ഐഐടി, സൗജന്യമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ 'ക്രൗഡ് ഫണ്ടിങ്'

ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാതിരിക്കുന്നതിനുളള സാധ്യത കുറയ്ക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് ഐഐടി ഗുവാഹത്തി. കോവിഡിനെതിരെയുളള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത് സൗജന്യമായി നല്‍കുന്നതിന് ക്രൗഡ് ഫണ്ടിങ് പ്രചാരണത്തിനും ഐഐടി ഗുവാഹത്തി തുടക്കമിട്ടു. ആറു മണിക്കൂറിനിടെ 50,000 രൂപ സമാഹരിച്ചതായി ഐഐടി ഗുവാഹത്തി പറയുന്നു.

ഐഐടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥികളാണ് കുറഞ്ഞ ചെലവിലുളള ഇന്‍ട്യൂബേഷന്‍ ബോക്‌സുകള്‍ക്ക് രൂപം നല്‍കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ മുഖം മറച്ചു കൊണ്ടുളളതാണ് ഈ കവചിത സംവിധാനം. ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങിനില്‍ക്കുന്ന എയറോസോളിന്റെ സഞ്ചാരം തടയുന്നതാണ് ഇന്‍ട്യൂബേഷന്‍ ബോക്‌സുകള്‍.

പലപ്പോഴും രോഗികളുടെ സ്രവങ്ങളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാനുളള സാധ്യത കൂടുതലാണ്. ഇത് തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ഈ ഇന്‍ട്യൂബേഷന്‍ ബോക്‌സുകള്‍. ശ്വസനത്തിന് ബുദ്ധിമുട്ടുളളവര്‍ക്ക് അന്നനാളത്തിലേക്ക് കുഴല്‍ ഇറക്കി കൃത്രിമ ശ്വാസം കൊടുക്കുന്ന സംവിധാനമാണ് ഇന്‍ട്യൂബേഷന്‍.

ഇത്തരത്തില്‍ രോഗികള്‍ക്ക് കൃത്രിമ ശ്വാസം ഉറപ്പാക്കുന്നതിന് കുഴല്‍ ഇറക്കുമ്പോള്‍ രോഗം പകരാനുളള സാധ്യത കൂടൂതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ട്യൂബേഷന്‍ ബോക്‌സുകള്‍ സംരക്ഷണം നല്‍കുമെന്ന് ഐഐടി ഗുവാഹത്തി പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സൗജന്യമായി ഇത് ലഭ്യമാക്കാനാണ് ഐഐടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com