അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നു; 81കാരിയായ ഊര്‍മിള ഇനി ഭക്ഷണം കഴിക്കും, 28 വര്‍ഷത്തിന് ശേഷം

അയോധ്യയില്‍ രാമക്ഷേത്രം ഉയരും; 81കാരിയായ ഊര്‍മിള ഇനി ഭക്ഷണം കഴിക്കും 28 വര്‍ഷങ്ങള്‍ക്ക് ശേഷം
അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നു; 81കാരിയായ ഊര്‍മിള ഇനി ഭക്ഷണം കഴിക്കും, 28 വര്‍ഷത്തിന് ശേഷം

ഭോപ്പാല്‍: ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജയും തറക്കല്ലിടലും നടക്കുമ്പോള്‍ മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള 81 വയസുകാരിയായ ഊര്‍മിള ചതുര്‍വേദി 28 വര്‍ഷമായി തുടരുന്ന ഉപവാസം അവസാനിപ്പിക്കും. 1992ല്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്. താന്‍ മനസില്‍ ആഗ്രഹിച്ച കാര്യം ഒടുവില്‍ ഫലപ്രാപ്തി കൈവരിച്ചതിനെ തുടര്‍ന്നാണ് ഉപവാസം അവസാനിപ്പിക്കാന്‍ 81കാരി ഇപ്പോള്‍ തീരുമാനിച്ചത്. 

1992ല്‍ തര്‍ക്ക പ്രദേശത്തുണ്ടായ സംഭവവികാസങ്ങളില്‍ മനം നൊന്താണ് ഊര്‍മിള ഉപവാസം തുടങ്ങിയത്. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മാണം ആരംഭിക്കുമ്പോള്‍ മാത്രമേ ഇനി താന്‍ ആഹാരം കഴിക്കൂയെന്ന് അവര്‍ ദൃഢ പ്രതിജ്ഞ എടുക്കുകയായിരുന്നു. പിന്നീട് ജീവന്‍ നിലനിര്‍ത്താന്‍ പഴങ്ങള്‍ മാത്രം കഴിച്ചാണ് അവര്‍ ഇത്ര വര്‍ഷങ്ങള്‍ ജീവിച്ചത്. രാമായണം വായിച്ചും പ്രാര്‍ഥനകള്‍ നടത്തിയുമാണ് അവര്‍ ഉപവാസം അനുഷ്ഠിച്ച് ജീവിച്ചത്. 

തര്‍ക്ക പ്രദേശത്ത് രാമ ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയ സുപ്രീം കോടതിയുടെ വിധിയില്‍ അവര്‍ അതീവ സന്തോഷവതിയായിരുന്നു. പിന്നാലെ വിധി പുറപ്പെടുവിച്ച ജഡ്ജിമാരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭിനന്ദിച്ച് അവര്‍ കത്തുമയച്ചു.

53 വയസുള്ളപ്പോഴാണ് ഊര്‍മിള ഉപവാസം ആരംഭിച്ചത്. ബന്ധുക്കള്‍ ഉപവാസം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ പ്രതിജ്ഞയില്‍ അവര്‍ ഉറച്ചു നിന്നു. 

ഭൂമി പൂജയ്ക്ക് ശേഷം അയോധ്യയില്‍ പോകണമെന്ന് അവര്‍ പറയുന്നു. അയോധ്യയില്‍ പോയി സരയൂ നദിയില്‍ കുളിച്ച് ശ്രീരാമന്റെ അനുഗ്രഹം വാങ്ങിയ ശേഷം ഉപവാസം അവസാനിപ്പിക്കാനാണ് ഊര്‍മിള ആഗ്രഹിക്കുന്നത്. ഊര്‍മിളയ്‌ക്കൊപ്പം അയോധ്യയിലേക്ക് പോകുമെന്ന് ബന്ധുക്കളും പറഞ്ഞു. 

ഊര്‍മിളയുടെ ഉപവാസത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അഭിനന്ദിച്ചു. ത്രേതായുഗത്തില്‍ ശബരിയാണെങ്കില്‍ ഇപ്പോള്‍ ഊര്‍മിളയാണ്. ശീരാം പ്രഭു തന്റെ ഭക്തരെ ഒരിക്കലും നിരാശപ്പെടുത്താറില്ല. ഊര്‍മിളയെ ഇന്ത്യയിലെ എല്ലാ ജനങ്ങളും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com