രാജ്യത്ത് കോവിഡ് മരണത്തില്‍ 37 ശതമാനം പേരും 45നും 60നും ഇടയില്‍; ഓക്‌സ്ഫഡ് വാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണം ഒരാഴ്ചക്കുളളില്‍ 

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിപ്പേരും 60നും 60 വയസ്സിന് മുകളില്‍ പ്രായം ഉളളവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിപ്പേരും 60നും 60 വയസ്സിന് മുകളില്‍ പ്രായം ഉളളവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 37 ശതമാനം മരണം 45 വയസ്സിനും അറുപതു വയസ്സിനും ഇടയില്‍ പ്രായമുളളവരിലാണ് സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസേേമ്മളനത്തില്‍ പറഞ്ഞു. നിലവില്‍ 5,86,298 പേരാണ് വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 12 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ മൂന്ന് വാക്‌സിന്‍ പരീക്ഷണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇവ വ്യത്യസ്ത ഘട്ടങ്ങളിലാണ്. ഭാരതി ബയോടെക്കിന്റെയും സൈഡസ് കാഡില്ലയുടെയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഈ രണ്ടു കമ്പനികള്‍ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടും മൂന്നും ഘട്ട വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഒരാഴ്ചക്കുളളില്‍ 17 സംസ്ഥാനങ്ങളിലായി കമ്പനി വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് പരിശോധനകളുടെ എണ്ണം രണ്ടു കോടി കടന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 
കഴിഞ്ഞ 24 മണിക്കൂറിനിടെ 6.6 ലക്ഷം പരിശോധനകളാണ് നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം ദിവസങ്ങള്‍ക്കകം തന്നെ പത്തുലക്ഷമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. അടുത്തിടെയായി അഞ്ചുലക്ഷത്തിന് മുകളിലാണ് പ്രതിദിന പരിശോധനകളുടെ എണ്ണം.രാജ്യത്ത് കോവിഡ് മുക്തമായവരുടെ എണ്ണം ചികിത്സയില്‍ കഴിയുന്നവരുടെ ഇരട്ടിയായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ആദ്യ ലോക്ക്ഡൗണ്‍ മുതല്‍ പരിശോധിച്ചാല്‍ രാജ്യത്തിന്റെ മരണനിരക്ക് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു. 17 ജൂണില്‍ ശരാശരി മരണനിരക്ക് 3.36 ശതമാനമായിരുന്നു. നിലവില്‍ ഇത് 2.10 ശതമാനമായി താഴ്ന്നിരിക്കുകയാണ്. ഇത് ആശ്വാസം നല്‍കുന്ന കണക്കാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ശരാശരി മരണനിരക്കുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞ മരണനിരക്കുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.

ടെസ്റ്റുകളുടെ എണ്ണത്തില്‍ ഗോവ, ഡല്‍ഹി, ത്രിപുര എന്നി സംസ്ഥാനങ്ങളാണ് മുന്നില്‍. പത്തുലക്ഷം പേരെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഗോവയില്‍ ഇത് 84,927 ആണ്. ഡല്‍ഹി 57,855, ത്രിപുര 40271, തമിഴ്‌നാട് 35,439 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിദിന കോവിഡ് പരിശോധനകളുടെ കണക്ക്. ഇന്ത്യയുടെ ശരാശരി 15119 ആണ്. പരിശോധനകളുടെ എണ്ണത്തില്‍ മുന്‍നിരയിലുളള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com