എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി; മെഡിക്കല്‍ ബുള്ളറ്റിന്‍

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി; മെഡിക്കല്‍ ബുള്ളറ്റിന്‍
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി; മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി അധികൃതര്‍. മെഡിക്കല്‍ ബുള്ളറ്റിനിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 

എസ്പിബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. 

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്പിബിയുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റിയത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. 

ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്.  എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു

വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നിരുന്നാല്‍ കൂടിയും റിസ്‌ക് എടുക്കേണ്ടതില്ലെന്ന് കരുതി. കോവിഡ് പോസിറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ക്ക് വീടുകളില്‍ ഐസോലേഷനില്‍ തുടരാം. അതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. കാരണം നമ്മളെ മാറ്റി നിര്‍ത്തുന്നത് വീട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. മാത്രമല്ല വീട്ടുകാരുടെ ആരോഗ്യ സ്ഥിതിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്ന് അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com