കുത്തിയൊഴുകുന്ന പുഴയില്‍ ആടുകള്‍ ഒലിച്ചുപോയി, പിന്നാലെ ഓടിയെത്തി നാട്ടുകാര്‍ (വീഡിയോ)

തുടര്‍ച്ചയായി മൂന്നു ദിവസം പെയ്ത കനത്തമഴയില്‍ തെലങ്കാനയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി
കുത്തിയൊഴുകുന്ന പുഴയില്‍ ആടുകള്‍ ഒലിച്ചുപോയി, പിന്നാലെ ഓടിയെത്തി നാട്ടുകാര്‍ (വീഡിയോ)

ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്നു ദിവസം പെയ്ത കനത്തമഴയില്‍ തെലങ്കാനയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായി. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വെളളത്തിന്റെ അടിയിലായതോടെ, കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

നിരവധി ഗ്രാമങ്ങളാണ് വെളളപ്പൊക്ക കെടുതി നേരിടുന്നത്. തോടുകളും അരുവികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതിനിടെ കുത്തിയൊഴുകുന്ന പുഴയില്‍ ആടുകള്‍ ഒലിച്ചുപോകുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ആദില്‍ബാദ് ജില്ലയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. പത്തോളം ആടുകളാണ് ഒഴുക്കില്‍പ്പെട്ടത്. പുഴ കടക്കുന്നതിനിടെയാണ് അപകടം. ഇതില്‍ ചിലതിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 

നല്‍ഗോണ്ടയില്‍ മാത്രം കനത്തമഴയില്‍ 87 വീടുകളാണ് തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജലസംഭരണികളിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുകയാണ്. കിഴക്ക്, പടിഞ്ഞാറ് ഗോദാവരി ജില്ലകളിലുളളവരാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഗോദാവരി നദിയിലേക്ക് നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. വാറങ്കലില്‍ മാത്രം 36 പേരെ ദുരന്ത നിവാരണ സേന രക്ഷിച്ചു. വാറങ്കലില്‍ മാത്രം 360 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com