കോവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ; പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ഇന്ത്യയുടെ കോവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ; പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി
കോവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ; പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇന്ത്യയും തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിന്റെ പാതയില്‍ തന്നെയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണ് കോവാക്‌സിന്‍. ഈ വര്‍ഷം അവസാനത്തോടെ കോവാക്‌സിന്‍ ജനങ്ങളിലെത്തിക്കാനാകുമെന്ന പ്രതീക്ഷ പങ്കിടുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. 

ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നിവയും ഇന്ത്യയില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്‌സഫഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വാക്‌സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാല്‍ തീര്‍ച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. 

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ തങ്ങള്‍ പുറത്തിറക്കിയതായി ഈയടുത്ത് റഷ്യ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്‌സിന്‍ വലിയ തോതില്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവില്‍ റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com