അസമില്‍ എന്‍ഡിഎയ്ക്കും കോണ്‍ഗ്രസിനും എതിരെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന് എതിരെ ശബ്ദമുയര്‍ത്തി അസമില്‍ ഉയര്‍ന്നുവന്ന സംഘടനയാണ് എഎഎസ്‌യു. 
അസമില്‍ എന്‍ഡിഎയ്ക്കും കോണ്‍ഗ്രസിനും എതിരെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍

ദിസ്പൂര്‍: അസമിലെ ബിജെപി സഖ്യകക്ഷിയായ അസം ഗണപരിഷത്തിന് എതിരെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍. അസം ഗണപരിഷത്ത് ബിജെപിയോടൊപ്പം ചേര്‍ന്ന് ആശയങ്ങളില്‍ വെള്ളം ചേര്‍ത്തെന്നും അസം ജതിയതാബാദി യുവ ഛാത്ര പരിഷത്തുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും എഎഎസ്‌യു ജനറല്‍ സെക്രട്ടറി ലുറിന്‍ജ്യോതി ഗൊഗോയി പറഞ്ഞു. 

വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഗൊഗോയി വ്യക്തമാക്കിയത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന് എതിരെ ശബ്ദമുയര്‍ത്തി അസമില്‍ ഉയര്‍ന്നുവന്ന സംഘടനയാണ് എഎഎസ്‌യു. 

എഎഎസ്‌യുവിന്റെ പിന്‍ബലത്തില്‍ എജിപി രണ്ടുതവണ അസമില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ എഎഎസ്‌യുവിന്റെ നിലപാടുകളില്‍ നിന്ന് എജിപി പിന്നോട്ടുപോയി. ഇതിന് ബദലായി ഇരു സംഘടകളും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗൊഗോയി വ്യക്തമാക്കി. 

ഭാവിപരിപാടികള്‍ വിശകലനം ചെയ്യാന്‍ 18 അംഗ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ തീരൂമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ രൂപീകരണമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

ജനങ്ങള്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും വിശ്വസിക്കുന്നില്ല. ഈ രണ്ട് പാര്‍ട്ടികളുടെയും അടിസ്ഥാന സ്വഭാവം ഒന്നുതന്നെയാണെന്നും ഗൊഗോയി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പമായിരുന്നു എഎഎസ്‌യു നിലയുറപ്പിച്ചിരുന്നത്. 126 അംഗ നിയമസഭയില്‍ 60 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. 14 അംഗങ്ങളാണ് എജിപിക്കുള്ളത്. ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന് 12 എംഎല്‍എമാരുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com