അരുണാചലിനെ ലക്ഷ്യം വച്ച് ചൈന; അതിര്‍ത്തിയില്‍ സൈനിക താവളവും മിസൈല്‍ കേന്ദ്രവും; വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍, നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ചൈന
ലഡാക്കിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ സൈനിക ട്രക്കുകള്‍/ ചിത്രം: പിടിഐ
ലഡാക്കിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ സൈനിക ട്രക്കുകള്‍/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍, നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ചൈന. റോഡ് നിര്‍മ്മാണവും മിസൈല്‍ സംവിധാനങ്ങളും ഒരുക്കി ചൈന സേനാവിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

ടിബറ്റിലെ ഗ്യാന്ത്‌സെ മേഖലയില്‍ ചൈന ഒരു ബ്രിഗേഡ് സൈന്യത്തിന് വേണ്ടിയുള്ള താവളം നിര്‍മ്മിച്ചിട്ടുണ്ട്. ജനുവരിയിലാണ് ഇതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2021ല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. 

6 ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ഏരിയ, വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഈ സൈനിക താവളത്തിലുണ്ട്. 

അരുണാചല്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും സിക്കിമിലേക്കും അതിവേഗം എത്താന്‍ സാധിക്കുന്ന തരത്തിലാണ് സൈനിക താവളം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രധാന ഇടമായ തവാങ് അരുണാചലിന്റെ വടക്കന്‍ പ്രദേശത്താണ്. കിഴക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന തരത്തില്‍ പല ഭാഗങ്ങളില്‍ നിന്ന് ചൈന റോഡുകളും നിര്‍മ്മിക്കുന്നുണ്ട്. 

ചൈനയുടെ വെസ്‌റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡിന് കീഴിലുള്ള മലന്‍ എയര്‍ഫീല്‍ഡില്‍ മിസൈല്‍ റഡാര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനയുടെം ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം ആദ്യമായാണെന്നും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

വടക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരവെയാണ് ചൈനയുടെ പ്രകോപനപരമായ സൈനിക നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com