പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാന്യമായി വസ്ത്രം ധരിച്ച് വിവാഹ വിരുന്നുകളില്‍ എത്തും; കുട്ടികളെ ഉപയോഗിച്ച് വില പിടിച്ച വസ്തുക്കള്‍ അടിച്ചുമാറ്റും;  ഒടുവില്‍ 'ബാന്‍ഡ് ബജാ ബരാത്ത്' സംഘം വലയില്‍

മാന്യമായി വസ്ത്രം ധരിച്ച് വിവാഹ വിരുന്നുകളില്‍ എത്തും; കുട്ടികളെ ഉപയോഗിച്ച് വില പിടിച്ച വസ്തുക്കള്‍ അടിച്ചുമാറ്റും;  ഒടുവില്‍ 'ബാന്‍ഡ് ബജാ ബരാത്ത്' സംഘം വലയില്‍

ന്യൂഡല്‍ഹി: വലിയ ആഡംബരത്തോടെ നടക്കുന്ന വിവാഹ വിരുന്നുകളിലെത്തി ലക്ഷങ്ങളുടെ മോഷണം നടത്തുന്ന സംഘം പൊലീസിന്റെ വലയിലായി. സംഘത്തിലെ ഏഴ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് പേരില്‍ രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

സന്ദീപ് (26), ഹന്‍സ്‌രാജ് (21), സന്ത് കുമാര്‍ (32), കിഷന്‍ (22), ബിഷല്‍ (20) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. എട്ടോളം മോഷണ കേസുകളില്‍ പ്രതികളാണ് ഇവരെന്നും സംഘത്തിന്റെ പക്കല്‍ നിന്ന് നാല് ലക്ഷം രൂപ, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. 

'ബാന്‍ഡ് ബാജ ബരാത്' എന്നാണ് ഈ സംഘത്തിന്റെ പേര്. ഡല്‍ഹിയടക്കമുള്ള വിവിധ നഗരങ്ങളിലെ ആഡംബര വിവാഹ വേദികളിലെത്തിയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. 

മധ്യപ്രദേശ് അടക്കമുള്ള ഗ്രാമങ്ങളില്‍ നിന്ന് കുട്ടികളെ വാടകയ്‌ക്കെടുത്ത് ഇവരെ ഉപയോഗിച്ച് മോഷണം നടത്തുന്ന രീതിയാണ് സംഘം അവലംബിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പത്ത് മുതല്‍ 12 ലക്ഷം വരെ പ്രതിഫലം നല്‍കി ഒന്‍പതിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചാണ് ഇവരുടെ മോഷണം. 

വിവാഹ വിരുന്നുകളില്‍ ആര്‍ക്കും സംശയമുണ്ടാക്കാതെയാണ് ഇവര്‍ കടന്നുകൂടുന്നത്. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചും അതിഥികളുമായി നല്ല രീതിയില്‍ തന്നെ സഹകരിച്ചും അവര്‍ക്കൊപ്പം തന്നെ ഭക്ഷണം കഴിച്ചും ഇവര്‍ അനുകൂല സമയത്തിനായി കാത്തിരിക്കും. പിന്നീട് വിവാഹത്തിന് ലഭിക്കുന്ന വിലപിടിച്ച സമ്മാനങ്ങള്‍, ആഭരണങ്ങള്‍, പണം ഇവയൊക്കെ മോഷ്ടിച്ച് സ്ഥലത്ത് നിന്ന് അപ്രത്യക്ഷരാകും. മോഷണത്തിനായി സംഘം വാടകയ്‌ക്കെടുക്കുന്ന കുട്ടികള്‍ക്ക് ഇവര്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com