കടുത്ത ശൈത്യം; അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന യുവ കര്‍ഷകന്‍ മരിച്ചു

കടുത്ത ശൈത്യം; അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന യുവ കര്‍ഷകന്‍ മരിച്ചു
കടുത്ത ശൈത്യം; അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന യുവ കര്‍ഷകന്‍ മരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന യുവ കര്‍ഷകന് സമര വേദിയില്‍ ദാരുണാന്ത്യം. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ കഴിഞ്ഞ പത്ത് ദിവസമായി ഗ്രാമവാസികള്‍ക്കൊപ്പം സമരത്തിലേര്‍പ്പെട്ടിരുന്ന 32കാരനായ അജയ് മോര്‍ എന്ന കര്‍ഷകനാണ് മരിച്ചത്. ഹരിയാന സോനിപത് സ്വദേശിയാണ് അജയ്. 

ഹൈപ്പോതെര്‍മിയയാണ് മരണ കാരണം എന്നാണ് അനുമാനം. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് അജയുടെ കുടുംബം.

കടുത്ത ശൈത്യം വകവെക്കാതെയാണ് കര്‍ഷകര്‍ സമര രംഗത്തുളളത്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം അഞ്ചോളം മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.

കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ച ബന്ദില്‍ പല സംസ്ഥാനങ്ങളിലും റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചൊവ്വാഴ്ച വൈകീട്ട് പതിനഞ്ചോളം കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. 

നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പുനല്‍കാത്ത സാഹചര്യത്തില്‍ കൃഷിമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് പ്രതിഷേധവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനായി കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ യോഗം ചേരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com