'കേന്ദ്രസര്‍ക്കാര്‍ തമ്മില്‍ തെറ്റിക്കാന്‍ നോക്കി, പക്ഷേ നടന്നില്ല'; പതിനാലിന് നിരാഹാര സമരം പ്രഖ്യാപിച്ച് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷകരെ തമ്മില്‍ തെറ്റിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്ന് കര്‍ഷക സംഘടനകള്‍
ഡല്‍ഹിയില്‍ അണിനിരന്നിരിക്കുന്ന കര്‍ഷകര്‍/ ചിത്രം: പിടിഐ
ഡല്‍ഹിയില്‍ അണിനിരന്നിരിക്കുന്ന കര്‍ഷകര്‍/ ചിത്രം: പിടിഐ


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷകരെ തമ്മില്‍ തെറ്റിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്ന് കര്‍ഷക സംഘടനകള്‍. എന്നാല്‍ ആ നീക്കം തങ്ങള്‍ പരാജയപ്പെടുത്തിയെന്നും സമാധാനപരമായി സമരം നയിച്ച് വിജയത്തിലെത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിങ് പറഞ്ഞു. 

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ പതിനാലാം തീയതി നിരാഹാര സമരമിരിക്കും. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കര്‍ഷക സംഘടനകളുടെയും നേതാക്കളും നിരാഹാര സമരത്തില്‍ പങ്കെടുക്കും. ഭേദഗതികളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജസ്ഥാനിലെ ഷഹജാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ നാളെ രാവിലെ 11ന് ട്രാക്ടര്‍ റാലി ആരംഭിക്കും. ജയ്പൂര്‍-ഡല്‍ഹി പ്രധാന റോഡ് ഇവര്‍ അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പഞ്ചാബില്‍ നിന്ന് വരുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയുകയാണ്. ഡിസംബര്‍ 19ന് മുന്‍പ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗുരു തേഗ് ബഹദൂറിന്റെ രക്തസാക്ഷി ദിനത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് ഗുരുനാം സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com