വാക്സിൻ കേന്ദ്രത്തിന് മൂന്നു മുറി, ഒരു ദിവസം നൂറു പേർക്ക് കുത്തിവയ്പ്പ്; സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി

ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമേ കേന്ദ്രത്തിലുണ്ടാകാൻ പാടുള്ളൂവെന്നും മാർ​ഗരേഖയിൽ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; കോവിഡ് വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി. വാക്സിൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാർ​ഗരേഖ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെക്കുക. ആരോഗ്യപ്രവർത്തകർ ഉൾപ്പടെ അഞ്ചുപേർ മാത്രമേ കേന്ദ്രത്തിലുണ്ടാകാൻ പാടുള്ളൂവെന്നും മാർ​ഗരേഖയിൽ പറയുന്നു. 

മൂന്നു മുറികളിലായിട്ടാണ് വാക്സിൻ കേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങൾ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.

അരമണിക്കൂറിനുളളിൽ രോഗലക്ഷണങ്ങളോ, പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ  താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാവും സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ നടത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com