അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാം, ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല; മുന്നറിയിപ്പുമായി വിദഗ്ധര്‍

ബ്രിട്ടണില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയില്‍ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയില്‍പ്പെട്ട് കാണില്ലെന്നും വിദഗ്ധര്‍
സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച, ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച/ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചിത്രം
സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച, ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച/ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചിത്രം

ന്യൂഡല്‍ഹി:  ബ്രിട്ടണില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയില്‍ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയില്‍പ്പെട്ട് കാണില്ലെന്നും വിദഗ്ധര്‍. അടുത്തിടെയായി ഇന്ത്യയില്‍ സാര്‍സ്- കൊറോണ വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ്. ഏപ്രില്‍- ഓഗസ്റ്റ് കാലയളവില്‍ ജനിതക ഘടന പരിശോധിക്കുന്നതിനായി 4000 സാമ്പിളുകളാണ് ശേഖരിച്ചത്.സെപ്റ്റംബര്‍- നവംബര്‍ മാസത്തില്‍ ഇത് 300 ആയി ചുരുങ്ങി. ഇതാകാം പുതിയ വൈറസ് ശ്രദ്ധയില്‍പ്പെടാതിരുന്നതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകം വീണ്ടും ഭീതിയിലാണ്. ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. അതിനിടെയാണ് അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാമെന്ന വിദഗ്ധരുടെ നിഗമനം. വൈറസിന്റെ ജനിതകവ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്.

നിലവില്‍ ആഗോളതലത്തില്‍ ജനിതക ഘടനയെ കുറിച്ച് പഠിക്കുന്നതിനായി പതിനായിരക്കണക്കിന് സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ വൈറസിന്റെ പത്ത് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ 4300 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ എട്ട് വകഭേദങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ലോകത്ത് എടുഎ എന്ന ജനിതക ഘടനയുള്ള വൈറസാണ് ഏറ്റവുമധികം പടര്‍ന്നുപിടിച്ചത്. രാജ്യത്ത 70 ശതമാനം കോവിഡ് കേസുകളിലും എടുഎ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയത്.  ഐ/എ3ഐ എന്ന ജനിതകഘടനയുള്ള വൈറസ് ഇന്ത്യയില്‍ മാത്രമാണ് കണ്ടെത്തിയത്.

ഇന്ത്യയില്‍ സിഎസ്ആആര്‍- ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് മുഖ്യമായി വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യുന്നത്. 30 ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com