തന്റെ കുടുംബത്തിന്റെ ലക്ഷ്മിയെയാണു തൃണമൂല്‍ മോഷ്ടിച്ചത്; ജ്യോതിഷി കബളിപ്പിച്ചു; വിശദീകരണവുമായി ബിജെപി നേതാവ്

ഭാര്യ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത് ജ്യോത്സന്റെ നിര്‍ദേശാനുസരണമാണെന്ന് ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാന്‍
സുജാത മണ്ഡല്‍, സൗമിത്ര ഖാന്‍
സുജാത മണ്ഡല്‍, സൗമിത്ര ഖാന്‍

കൊല്‍ക്കത്ത: ഭാര്യ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത് ജ്യോത്സന്റെ നിര്‍ദേശാനുസരണമാണെന്ന് ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാന്‍. സുജാതയെ ജ്യോതിഷി കബളിപ്പിക്കുകയായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ സൗമിത്ര കരഞ്ഞുകൊണ്ടു പറഞ്ഞു.

പാര്‍ട്ടി മാറിയാല്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്നു ജ്യോതിഷി സുജാതയെ വിശ്വസിപ്പിച്ചു. തൃണമൂല്‍ തന്റെ കുടുംബത്തിന്റെ ലക്ഷ്മിയെയാണു മോഷ്ടിച്ചത്. എന്തു തസ്തികയാണു വാഗ്ദാനം ചെയ്തതെന്ന് അറിയില്ല. ചിലപ്പോള്‍ മുഖ്യമന്ത്രി ആക്കിയേക്കാം. 10 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണ്. വിവാഹമോചനത്തിനു നടപടി തുടങ്ങും. ഖാന്‍ എന്ന എന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നതു നിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും സൗമിത്ര ഖാന്‍ പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല എന്നായിരുന്നു സുജാതയുടെ പ്രതികരണം. ആരാണ് അദ്ദേഹത്തെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന് അറിയില്ല. സ്വന്തമായി കുടുംബമില്ലാത്ത ചിലര്‍ മറ്റുള്ളവരുടെ കുടുംബം തകര്‍ക്കുന്നതില്‍ സന്തോഷിക്കുന്നു. ഭാര്യയും ഭര്‍ത്താവും രണ്ടു വ്യത്യസ്ത പാര്‍ട്ടികളിലുള്ളതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഭര്‍ത്താവിനു വീഴ്ചകള്‍ ഉണ്ടാകരുതെന്നും എപ്പോഴും വിജയമുണ്ടാകണമെന്നും ആഗ്രഹിക്കുന്നു. അദ്ദേഹം എന്നെ ഭാര്യയായി പരിഗണിച്ചാലും ഇല്ലെങ്കിലും ഞാന്‍ അദ്ദേഹത്തെ ഭര്‍ത്താവായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ സിന്ദൂരം ധരിക്കുന്നു. സ്ത്രീകള്‍ ഇനി ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേരില്‍ തിരിച്ചറിയപ്പെടരുത്. സ്ത്രീകളെ അവരുടെ പ്രവര്‍ത്തിയാല്‍ അംഗീകരിക്കുന്ന ലോകത്തു ജീവിക്കാനാണ് ആഗ്രഹം. ഭര്‍ത്താവിന്റെയോ പിതാവിന്റെയോ കുടുംബപ്പേരുമായി അറിയപ്പെടാന്‍ ആഗ്രഹമില്ല. ഇനി മുതല്‍ താന്‍ സുജാത മൊണ്ഡല്‍ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com