പുതുവര്‍ഷം രോഗസൗഖ്യത്തിന്റേത്, ത്യാഗങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് പ്രധാനമന്ത്രി; മന്‍ കി ബാത്തിനെതിരെ പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

അടുത്ത വര്‍ഷം രോഗസൗഖ്യത്തിന് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
മോദിയുടെ മന്‍ കി ബാത്ത് പ്രസംഗം/ എഎന്‍ഐ ചിത്രം
മോദിയുടെ മന്‍ കി ബാത്ത് പ്രസംഗം/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി:  അടുത്ത വര്‍ഷം രോഗസൗഖ്യത്തിന് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഈ വര്‍ഷത്തെ അവസാനത്തെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി അടുത്ത വര്‍ഷം രാജ്യം കോവിഡില്‍ നിന്ന് മുക്തി നേടുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. അതിനിടെ മോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനെതിരെ മുന്‍കൂട്ടി പ്രഖ്യാപിച്ചത് അനുസരിച്ച് കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു. 

കോവിഡിനെതിരെ പോരാടുന്ന മുന്‍നിര പോരാളികള്‍ക്ക് മോദി പുതുവത്സരാശംസകള്‍ നേര്‍ന്നു. നാലുദിവസത്തിനകം പുതിയ വര്‍ഷത്തിലേക്ക് കടക്കും. പുതിയ വര്‍ഷം രോഗസൗഖ്യത്തിന്റെ വര്‍ഷമായി തീരട്ടെ എന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ യുവജനങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നുന്നതായി മോദി പറഞ്ഞു. ഏത് വെല്ലുവിളിയും നേരിടാന്‍ കഴിവുള്ളവരാണ് അവര്‍. അവര്‍ക്ക് മുന്‍പില്‍ അപ്രാപ്യമായി ഒന്നുമില്ലെന്നും മോദി പറഞ്ഞു. ത്യാഗങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് മോദി മുന്നറിയിപ്പ് നല്‍കി.

മെയ്ക്ക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റമായാണ് ഇതിനെ കാണുന്നത്. രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ ലോക നിലവാരം പുലര്‍ത്തുന്നതാണ് എന്ന് ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ രാജ്യത്ത് നിന്ന് തന്നെ കണ്ടെത്താന്‍ ജനം തയ്യാറാവണമെന്ന് മോദി ആഹ്വാനം ചെയ്തു. 

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനിടെ, പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. കോവിഡിന്റെ തുടക്ക കാലത്ത് കോവിഡിനെതിരെ പോരാടുന്ന മുന്‍നിര പോരാളികളെ പാത്രം കൊട്ടി ആദരിക്കാന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മന്‍ കി ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് ഇന്ന് സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com