ബ്രിട്ടനില്‍ നിന്നുള്ള വിമാന വിലക്ക് നീട്ടേണ്ടിവരും ; തീരുമാനം രണ്ടു ദിവസത്തിനകമെന്ന് മന്ത്രി

കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്
കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി / എഎന്‍ഐ ട്വിറ്റര്‍
കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി / എഎന്‍ഐ ട്വിറ്റര്‍

ന്യൂഡല്‍ഹി : ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനിതക വകഭദം വന്ന കോവിഡ് വൈറസ് ബ്രിട്ടനില്‍ പടരുന്ന സാഹചര്യത്തിലാണ്, അവിടെ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. 

താല്‍ക്കാലിക വിലക്ക് നീളാനാണ് സാധ്യത. എന്നാല്‍ വിലക്ക് ഒരു നീണ്ട അല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും വ്യോമയാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ ഈ മാസം അവസാനം വരെ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

ബ്രിട്ടനില്‍ പടരുന്ന അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയതായി കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇതില്‍ മൂന്നു പേര്‍ കര്‍ണാടകക്കാരും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. 

കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിദേശത്തു നിന്നും രാജ്യത്തെത്തിയ എല്ലാവരും ജീനോം സീക്വന്‍സിങ് ടെസ്റ്റിന് വിധേയരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com