ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ മോദിക്ക് മറ്റൊരു ചരിത്രനേട്ടം കൂടി ; മന്‍മോഹന്‍ സിങിന്റെ ഈ റെക്കോഡിനൊപ്പമെത്തി

നെഹ്‌റു ഭരണകാലത്ത് ഇന്ത്യയിലെത്തിയ ഐസന്‍ഹോവറാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അത് മറ്റൊരു നേട്ടമാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് മോദി ഇപ്പോള്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെയും പത്‌നിയെയും മോദിയും അമിത് ഷായും അടക്കമുള്ളവര്‍ സ്വീകരിച്ചു. ട്രംപിനെ വരവേറ്റ് വിവിധ കലാരൂപങ്ങളും വിമാനത്താവളത്തിലും ട്രംപ് സഞ്ചരിക്കുന്ന വഴിയിലും ഒരുക്കിയിരുന്നു.

രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാരെ സ്വീകരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡാണ് മന്‍മോഹന്‍ സിങിനൊപ്പം നരേന്ദ്രമോദിയും എത്തിയത്. 2006 ല്‍ യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ജൂനിയര്‍ ഇന്ത്യയിലെത്തിയപ്പോഴാണ് മന്‍മോഹന്‍ സിങ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് 2010 ല്‍ ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോഴും സ്വീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ്.  

2015 ല്‍ ഒബാമ വീണ്ടും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. അപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. രണ്ടാംവട്ടം ഇന്ത്യയിലെത്തിയ ഒബാമയെ സ്വീകരിച്ചത് മോദിയാണ്. ഒബാമയെ വ്യക്തിപരമായ സുഹൃത്താണെന്നാണ് മോദി അന്ന് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ട്രംപിനെയും സ്വീകരിച്ചതോടെ, രണ്ട് യു എസ് പ്രസിഡന്റുമാരെ സ്വീകരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡ് മന്‍മോഹനൊപ്പം മോദിയും പങ്കിട്ടു.

ഇതുവരെ എട്ടു യു എസ് പ്രസിഡന്റുമാരാണ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. ഇതില്‍ ഒബാമ രണ്ടുവട്ടം സന്ദര്‍ശിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ പ്രസിഡന്റാണ് ട്രംപ്. 1959 ല്‍ നെഹ്‌റു ഭരണകാലത്ത് ഇന്ത്യയിലെത്തിയ ഐസന്‍ഹോവറാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്.

നെഹ്‌റുവും ഐസന്‍ഹോവറും
നെഹ്‌റുവും ഐസന്‍ഹോവറും

തുടര്‍ന്ന് 1969 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് റിച്ചാര്‍ഡ് നിക്‌സണ്‍ ഇന്ത്യയിലെത്തി. ഒമ്പതു വര്‍ഷത്തിന് ശേഷം ജനതാ സര്‍ക്കാരിന്റെ കാലത്ത് ജിമ്മി കാര്‍ട്ടര്‍ ഇന്ത്യയിലെത്തി. 2001 ല്‍ ബില്‍ ക്ലിന്റണും, 2006 ല്‍ ജോര്‍ജ് ബുഷ് ജൂനിയറുമാണ് ഇന്ത്യയിലെത്തിയ മറ്റ് അമേരിക്കന്‍ പ്രസിഡന്റുമാര്‍.

ജിമ്മി കാര്‍ട്ടര്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കൊപ്പം
ജിമ്മി കാര്‍ട്ടര്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കൊപ്പം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com