'ആയിരങ്ങള്‍ കണ്ടു, നിങ്ങള്‍ കണ്ടില്ലേ?' ; തുറന്ന കോടതിയില്‍ കപില്‍ മിശ്രയുടെ പ്രസംഗം പ്ലേ ചെയ്ത് ഹൈക്കോടതി

ഡല്‍ഹിയിലെ കലാപം കൈകാര്യം ചെയ്തതില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
'ആയിരങ്ങള്‍ കണ്ടു, നിങ്ങള്‍ കണ്ടില്ലേ?' ; തുറന്ന കോടതിയില്‍ കപില്‍ മിശ്രയുടെ പ്രസംഗം പ്ലേ ചെയ്ത് ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപം കൈകാര്യം ചെയ്തതില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം മോശമാണെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ നിരീക്ഷിച്ചു. ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കേട്ടില്ലെന്നു പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കായി തുറന്ന കോടതിയില്‍ പ്രസംഗം കേള്‍പ്പിച്ചു.

ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെക്കുറിച്ച് അറിയില്ലേയെന്നു കോടതി ചോദിച്ചു. പ്രസംഗം കണ്ടിട്ടില്ലെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. ആയിരങ്ങള്‍ കണ്ടു, ജനങ്ങള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു, എന്നിട്ടും നിങ്ങള്‍ കണ്ടില്ലേയെന്നു ചോദിച്ച ജസ്റ്റിസ് എസ് മുരളീധരന്‍ തുറന്ന കോടതിയില്‍ വിഡിയോ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു. 

ഹര്‍ജികള്‍ക്ക് അടിയന്തരപ്രാധാന്യം ഇല്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളി. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം എന്നത് അടിയന്തരവിഷയമല്ലേയെന്ന് കോടതി ചോദിച്ചു. സോളിസിറ്റര്‍ ജനറല്‍ നിയമ ഉദ്യോഗസ്ഥനായി പെരുമാണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ പറഞ്ഞു. 

കപില്‍ മിശ്രയുടെ പ്രസംഗത്തിന്റെ വാക് രൂപം കോടതി സോളിസിറ്റര്‍ ജനറലിനു കൈമാറി. ഇതു പഠിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കേസ് ഉച്ചയ്ക്കു 
ശേഷം പരിഗണിക്കാന്‍ മാറ്റി. ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com