കോവിഡ് മരണത്തില്‍ 60 ശതമാനവും അണ്‍ലോക്ക്- 1 നടപ്പാക്കിയ ജൂണ്‍ മാസത്തില്‍ , 11,803 പേര്‍ക്ക് ജീവന്‍ നഷ്ടമായി; റിപ്പോര്‍ട്ട് 

രാജ്യത്ത് സംഭവിച്ച കോവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ടും ജൂണ്‍ മാസത്തില്‍ എന്ന് റിപ്പോര്‍ട്ട്
കോവിഡ് മരണത്തില്‍ 60 ശതമാനവും അണ്‍ലോക്ക്- 1 നടപ്പാക്കിയ ജൂണ്‍ മാസത്തില്‍ , 11,803 പേര്‍ക്ക് ജീവന്‍ നഷ്ടമായി; റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: രാജ്യത്ത് സംഭവിച്ച കോവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ടും ജൂണ്‍ മാസത്തില്‍ എന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിനാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് രാജ്യം ഘട്ടം ഘട്ടമായി പുറത്ത് കടക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക്-1 നടപ്പാക്കിയത്. 

ജൂണ്‍ ഒന്നുവരെ കോവിഡ് മരണം 5606 ആയിരുന്നു. ജൂണ്‍ അവസാനത്തോടെ ഇത് 17409 ആയി ഉയര്‍ന്നു. അതായത് അണ്‍ലോക്ക്-1 നടപ്പാക്കിയ ജൂണില്‍ 11,803 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയെ പോലെ തന്നെ കോവിഡ് കേസുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന ഉണ്ടായെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജൂണ്‍ ഒന്നിന് 97008 കോവിഡ് കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ മാസം അവസാനത്തോടെ രണ്ടേകാല്‍ ലക്ഷത്തിലേക്ക് കടന്നു.ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മാര്‍ച്ചിന് ശേഷമുളള കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം കോവിഡ് ബാധിതരുടെ 65 ശതമാനവും ജൂണിലാണ് കണ്ടെത്തിയത്. അതിവേഗത്തിലാണ് പകര്‍ച്ചവ്യാധി പടരുന്നതെന്നാണ് ഉയര്‍ന്ന കണക്കുകള്‍ കാണിക്കുന്നതെന്ന് ആരോഗ്യവിദഗ്ധന്‍ ജമ്മി എന്‍ റാവു പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ സേവനം ചെയ്തിട്ടുളള വ്യക്തിയാണ് ഇദ്ദേഹം.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രമാണ് വിജയകരമായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാമാരിയുടെ വ്യാപനം കുറച്ച് വൈകിപ്പിക്കാന്‍ സാധിച്ചു എന്നല്ലാതെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com