ബിജെപിയുമായി ഉടക്കിയ അശോക് ലവാസെ ചീഫ് ഇലക്ഷന്‍ കമ്മീഷണറാകാനില്ല, രാജിവെച്ചു ; കമ്മീഷന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ

നിലവിലെ വൈസ് പ്രസിഡന്റ് ദുവാകര്‍ ഗുപ്ത വിരമിക്കുന്ന ഒഴിവിലാണ് അശോക് ലവാസെയുടെ നിയമനം
ബിജെപിയുമായി ഉടക്കിയ അശോക് ലവാസെ ചീഫ് ഇലക്ഷന്‍ കമ്മീഷണറാകാനില്ല, രാജിവെച്ചു ; കമ്മീഷന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ബിജെപി നേതൃത്വവുമായി ഉടക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസെ കമ്മീഷനില്‍ നിന്നും രാജിവെച്ചു. ഏഷ്യന്‍ വികസന ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് വേണ്ടിയാണ് രാജി. അദ്ദേഹത്തിന്റെ നിയമനം ബുധനാഴ്ചയാണ് എഡിബി പുറത്തുവിട്ടത്.

നിലവിലെ വൈസ് പ്രസിഡന്റ് ദുവാകര്‍ ഗുപ്ത വിരമിക്കുന്ന ഒഴിവിലാണ് അശോക് ലവാസെയുടെ നിയമനം. ഓഗസ്റ്റ് 31ന് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുമ്പോള്‍ ലവാസെ സ്ഥാനമേല്‍ക്കും. 1980  ബാച്ച്  ഐഎഎസ്  ഉദ്യോഗസ്ഥനായ അശോക് ലവാസെ 2018 ജനുവരി 23നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ വിരമിക്കുമ്പോള്‍ കീഴ്‌വഴക്ക പ്രകാരം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് മുതിര്‍ന്ന അംഗമായ ലവാസെയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അശോക് ലവാസെയ്ക്ക് രണ്ടുവര്‍ഷം കൂടി കാലാവധിയും ശേഷിച്ചിരുന്നു. ഇതിനിടെയാണ് എഡിബി വൈസ് പ്രസിഡന്റായി നിയമനം ലഭിച്ചത്. പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കുമെതിരെ ശക്തമായ നിലപാട് എടുത്തതോടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു ലവാസെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസെ എതിര്‍ത്തിരുന്നു. ഇത് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തും മുമ്പ് ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗം രാജിവെക്കുന്നത് രണ്ടാംതവണയാണ്. 1973ല്‍ അന്നത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നാഗേന്ദ്ര സിങ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ന്യായാധിപനായി നിയമിക്കപ്പെട്ടപ്പോള്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com