സിബിഐയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല ; പുതിയ വിജ്ഞാപനവുമായി അശോക് ഗെഹലോട്ട് ; കേന്ദ്രവുമായി ഏറ്റുമുട്ടല്‍

30 വര്‍ഷം പഴക്കമുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് അശോക് ഗെഹലോട്ട് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്
സിബിഐയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല ; പുതിയ വിജ്ഞാപനവുമായി അശോക് ഗെഹലോട്ട് ; കേന്ദ്രവുമായി ഏറ്റുമുട്ടല്‍

ജയ്പൂര്‍ : കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് പിന്നാലെ സിബിഐയ്ക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് അന്വേഷണമോ പരിശോധനകളോ നടത്താന്‍ സിബിഐക്ക് സാധിക്കില്ല എന്ന് സംസ്ഥാന ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 30 വര്‍ഷം പഴക്കമുള്ള നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് അശോക് ഗെഹലോട്ട് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ഗെഹലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും ബിജെപി നേതാവ് സഞ്ജയ് ജെയിനും ചേര്‍ന്ന് വിമത എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തതിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം സിബിഐക്ക് അന്വേഷണത്തിന് അനുമതി നല്‍കിയത്. 

മുഖ്യമന്ത്രി ഗെഹലോട്ടിന്റെ ഒഎസ്ഡി ദേവറാം സേനിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. പൊലീസ് ഓഫീസര്‍ വിഷ്ണുദത്ത് വിഷ്‌ണോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ രാഷ്ട്രീയപ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയെ ചോദ്യം ചെയ്യുന്നത് മറ്റുലക്ഷ്യങ്ങളോടെയാണെന്നാണ് ഗെഹലോട്ട് പക്ഷം ആരോപിക്കുന്നത്. 

1990ല്‍ രാജസ്ഥാനിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ സിബിഐ അന്വേഷണത്തിന് പൊതു അനുമതി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സംസ്ഥാനസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഓരോ കേസിലും പ്രത്യേകം അനുമതിയോടെ മാത്രമേ സിബിഐയ്ക്ക് അന്വേഷണം നടത്താനാകൂ എന്നായിരുന്നു സര്‍ക്കാര്‍ അന്ന് നിലപാട് സ്വീകരിച്ചത്. ആ ഉത്തരവ് മുന്‍നിര്‍ത്തിയാണ് ഗെഹലോട്ട് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com