പ്രതിരോധത്തിന് പുതുശക്തി, പറന്നിറങ്ങി റാഫേല്‍, പുതുയുഗ പിറവിയെന്ന് രാജ്‌നാഥ് സിങ്; സംസ്‌കൃതത്തില്‍ സ്വാഗതം ചെയ്ത് മോദി ( വീഡിയോ)

നീണ്ടക്കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് വാങ്ങിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണ് തൊട്ടു.
പ്രതിരോധത്തിന് പുതുശക്തി, പറന്നിറങ്ങി റാഫേല്‍, പുതുയുഗ പിറവിയെന്ന് രാജ്‌നാഥ് സിങ്; സംസ്‌കൃതത്തില്‍ സ്വാഗതം ചെയ്ത് മോദി ( വീഡിയോ)

ന്യൂഡല്‍ഹി: നീണ്ടക്കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് വാങ്ങിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണ് തൊട്ടു. ദസോള്‍ട്ട് കമ്പനിയില്‍ നിന്നും വാങ്ങുന്ന 36 റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുന്ന അഞ്ചു വിമാനങ്ങളാണ് ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍ പറന്നിറങ്ങിയത്. ആദരസൂചകമായി ജലവര്‍ഷം നടത്തിയാണ് യുദ്ധവിമാനങ്ങളെ വരവേറ്റത്.


ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം മൂന്ന് ദിവസം കൊണ്ട് പിന്നിട്ടാണ് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ രണ്ട് സുഖോയ് യുദ്ധവിമാനങ്ങള്‍ അഞ്ചു റാഫേല്‍ വിമാനങ്ങള്‍ക്ക് അകമ്പടി സേവിച്ചു. സേനാ ചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.  ഇന്ത്യന്‍ വ്യോമസേനയുടെ ശേഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വഴി സാധിക്കും. ഇന്ത്യയുടെ ഐക്യം തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വ്യോമസേനയുടെ ശേഷി വര്‍ധിപ്പിച്ചത് സഹിക്കാന്‍ സാധിക്കില്ലെന്നും രാജ് നാഥ് സിങ് ഓര്‍മ്മിപ്പിച്ചു. റാഫേല്‍ യുദ്ധവിമാനങ്ങളുടെ കടന്നുവരവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കൃതത്തില്‍ സ്വാഗതം ചെയ്തു.

റാഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ നാവികസേനയാണ് ആദ്യം സ്വാഗതം ചെയ്തത്. പടിഞ്ഞാറന്‍ അറബിക് കടലില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയുമായി ആശയവിനിമയം നടത്തിയ ശേഷമാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍  ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പറന്നെത്തിയത്. ഇന്ത്യയിലേക്ക് പറക്കുന്നതിന് ഇടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. 59,000 കോടി രൂപയുടേതാണ് കരാര്‍. 30000 അടി ഉയരത്തില്‍ ആകാശത്ത് വെച്ച് റഫേല്‍ വിമാനത്തില്‍ ഇന്ധനം നിറക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മാര്‍ഗമധ്യേ ഇന്ധനം നിറക്കുന്ന ചിത്രങ്ങളാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്. 

പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.സുരക്ഷയുടെ ഭാഗമായി അംബാല വ്യോമസേന താവള പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com