ഹൈദരാബാദില്‍ രണ്ടാഴ്ചക്കിടെ 79 ഗവണ്‍മെന്റ് ഡോക്ടര്‍മാക്ക് കോവിഡ്; സര്‍ക്കാരിന് എതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍

കഴിഞ്ഞ ശനിയാഴ്ച നിസാമ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നാല് ഡോക്ടര്‍മാക്കും മൂന്ന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. 
ഹൈദരാബാദില്‍ രണ്ടാഴ്ചക്കിടെ 79 ഗവണ്‍മെന്റ് ഡോക്ടര്‍മാക്ക് കോവിഡ്; സര്‍ക്കാരിന് എതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 79 സര്‍ക്കാര്‍ ഡോക്ടര്‍മാക്ക് കോവിഡ് ബാധിച്ചെന്ന് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ശനിയാഴ്ച നിസാമ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നാല് ഡോക്ടര്‍മാക്കും മൂന്ന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ഒസ്മാനിയ മെഡിക്കല്‍ കോളജില്‍ 49 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിംസില്‍ 25പേര്‍ക്കും ഗാന്ധി മെഡിക്കല്‍ കോളജില്‍ 4പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

നിരവധി ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നത് സംസ്ഥാനത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 

ഡോക്ടര്‍മാക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. 

നിരവധി സ്വകാര്യ ആശുപത്രി ഡോക്ടര്‍മാക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ടെസ്റ്റുകള്‍ കൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. 

മതിയായ ടെസ്റ്റുകള്‍ നടത്താതെ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരെയും അപകടത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഹെല്‍ത്ത് കെയര്‍ റിഫോര്‍സ്മ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു. 

ഏത് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധയുള്ളതെന്നും എത്രപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് കൃത്യമായി അറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കോവിഡ് വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഡെയ്‌ലി ബുള്ളറ്റിനില്‍ തെലങ്കാന സര്‍ക്കാര്‍ ദിവസവും എത്ര ടെസ്റ്റുകള്‍ നടത്തിയെന്ന് വ്യക്തമാക്കാറില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ തെലങ്കാനയില്‍ 3496പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com