വ്യോമസേന മേധാവി ലഡാക്കില്‍ ; പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് ; കനത്ത ജാഗ്രത

ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്
വ്യോമസേന മേധാവി ലഡാക്കില്‍ ; പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് ; കനത്ത ജാഗ്രത

ലഡാക്ക് : അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷന്‍ ആര്‍കെഎസ് ബദൗരിയ ലഡാക്കിലെത്തി. ശ്രീനഗറിലെ ബേസ് ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച അദ്ദേഹം മുതിര്‍ന്ന സൈനികോദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. ലേയിലേയും ശ്രീനഗറിലെയും ബേസ് ക്യാമ്പുകളിലാണ് ബദൗരിയ എത്തിയത്.

അതിനിടെ വ്യോമസേന പോര്‍വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായും വിവരമുണ്ട്. പോര്‍വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണസജ്ജമാക്കിയതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന കനത്ത ജാഗ്രത തുടരുകയാണ്. ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൈനീസ് സൈന്യം കമ്പിവടികളും കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാകവചങ്ങളോടെ സൈന്യത്തെ വിന്യസിച്ചത്.

അതിനിടെ തടഞ്ഞുവെച്ച പത്ത് ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു. ഇരുരാജ്യങ്ങളുടേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ മൂന്ന് ദിവസം നടത്തിയ നയതന്ത്ര സന്ധിസംഭാഷണങ്ങള്‍ക്കൊടുവിലാണ് ചൈന സൈനികരെ വിട്ടയച്ചത്. വിട്ടയച്ച സൈനികരെ മെഡിക്കല്‍ പരിശോധനയ്ക്കയച്ചതായാണ് റിപ്പോർട്ടുകൾ.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ അഭിജിത് ബപട്ടും  അതേ റാങ്കിലുള്ള ചൈനീസ്‌ സൈനിക ഉദ്യോഗസ്ഥനുമായി വ്യാഴാഴ്ച മൂന്നാം വട്ട ചര്‍ച്ച നടത്തിയിരുന്നു. മെയ് അഞ്ച് മുതല്‍ ഇരുസൈന്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ജൂണ്‍ 15 നാണ് ഏറ്റവും രൂക്ഷമായത്. നിയന്ത്രണരേഖയിലെ സംഘര്‍ഷത്തിനിടെ കേണൽ ഉൾപ്പെടെ ഇന്ത്യയുടെ 20 സൈനികരാണ് മരിച്ചത്.

1962-ലുണ്ടായ അതിര്‍ത്തിയുദ്ധത്തിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ സൈനികരെ ചൈന ബന്ധികളാക്കിയത്. അന്നത്തെ ഏറ്റുമുട്ടലില്‍ 80 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 300 ഓളം ചൈനീസ് സൈനികരാണ് അന്ന് മരിച്ചത്.  മെയ് അഞ്ച് മുതല്‍ ഇരുസൈന്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ജൂണ്‍ 15 നാണ് ഏറ്റവും തീവ്രമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com