കടപ്പുറത്ത് അടിഞ്ഞ വീപ്പയിൽ 100 കോടി വിലമതിക്കുന്ന മയക്കുമരുന്ന്; ഒപ്പം ചൈനീസ് ഭാഷയിൽ എഴുത്ത്

ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമൈൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്
കടപ്പുറത്ത് അടിഞ്ഞ വീപ്പയിൽ 100 കോടി വിലമതിക്കുന്ന മയക്കുമരുന്ന്; ഒപ്പം ചൈനീസ് ഭാഷയിൽ എഴുത്ത്

ചെന്നൈ; കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈയ്ക്കടുത്ത് മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടൽത്തീരത്ത് കഴിഞ്ഞ ദിവസമാണ് സീൽ ചെയ്ത രീതിയിലുള്ള വീപ്പ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമൈൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. ഇതിന് 100 കോടി രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് അധികൃതർ പറയുന്നത്. വീപ്പയിൽ ചൈനീസ് ഭാഷയിലുള്ള എഴുത്തും കണ്ടെത്തി.

വീപ്പ ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഡീസലായിരിക്കാമെന്ന് കരുതി തുറന്നുനോക്കി. അപ്പോഴാണ് അതിനുള്ളിൽ പാക്കറ്റുകൾ കണ്ടെത്തിയത്. അതോടെ പോലീസിനെ വിവരമറിയിച്ചു. മഹാബലിപുരം പോലീസും തമിഴ്‌നാട് പോലീസിന്റെ തീരസംരക്ഷണവിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.

റിഫൈൻഡ് ചൈനീസ് തേയില’ എന്നാണ് പാക്കറ്റിൽ എഴുതിയിരുന്നത്. ഇതിന്റെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ബംഗാൾ ഉൾക്കടൽവഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തുസംഘത്തിന്റേതാകും ഇതെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട വീപ്പ തമിഴ്‌നാട് തീരത്തടിഞ്ഞതാകുമെന്നാണ് അധികൃതരുടെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നാർക്കോട്ടിക്സ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com