ചൈനയുടെ ഓരോ ചലനവും ഇനി ഇന്ത്യ അറിയും, നിയന്ത്രണരേഖയില്‍ ഇസ്രായേലിന്റെ ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ചു; കരുത്തു വര്‍ധിപ്പിച്ച് സൈന്യം

നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തി നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ചൈനയുടെ ഓരോ ചലനവും ഇനി ഇന്ത്യ അറിയും, നിയന്ത്രണരേഖയില്‍ ഇസ്രായേലിന്റെ ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ചു; കരുത്തു വര്‍ധിപ്പിച്ച് സൈന്യം

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തി നിരീക്ഷണം ശക്തമാക്കി ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ കൂടുതല്‍ ഡ്രോണുകള്‍ വിന്യസിച്ച് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന് പിന്തുണ നല്‍കാന്‍ അര്‍ദ്ധ സൈനിക വിഭാഗമായ ഐടിബിപി കൂടുതല്‍ ബറ്റാലിയനുകളെ പ്രദേശത്തേയ്ക്ക് അയച്ചതിന് പുറമേയാണ് ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നത്. 7000 ഐടിബിപി ജവാന്മാരെയാണ് അതിര്‍ത്തി സംരക്ഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

നിയന്ത്രണരേഖയിലെ ചൈനീസ് കടന്നുക്കയറ്റത്തെ പ്രതിരോധിക്കാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ ചുവടുപിടിച്ചാണ് സൈന്യം നിയന്ത്രണരേഖയില്‍ നിരീക്ഷണം ശക്തമാക്കിയത്. സംഘര്‍ഷ ബാധിത പ്രദേശത്ത് കൂടുതല്‍ ഡ്രോണുകള്‍ വിന്യസിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കി. കൂടുതല്‍ ഡ്രോണുകള്‍ സംഭരിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ തുടരുകയാണ്.  ഇസ്രായേലിന്റെ ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിക്കാനാണ് തീരുമാനം. ഇടത്തരം ഉയരമുളള പ്രദേശങ്ങളിലെ നിരീക്ഷണത്തിനാണ് ഇത് ഉപയോഗിക്കുക. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേനഷനാണ് ഇതിന്റെ ചുമതല.

നിലവില്‍ ചൈനയുടെ കൈവശം സായുധ ഡ്രോണ്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിംഗ് ലൂംഗ് എന്ന പേരിലുളള സായുധ ഡ്രോണ്‍ ചൈനയുടെ കൈവശം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ അമേരിക്ക, ഇസ്രായേല്‍ എന്നി രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com