ഡല്‍ഹിയില്‍ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് കൊറോണ; അതീവ ജാഗ്രത

ഇതോടെ രാജ്യത്ത് കോറോണ വൈറസ് ബാധിതരുടെ എണ്ണം പതിനെട്ടായി.
ഡല്‍ഹിയില്‍ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് കൊറോണ; അതീവ ജാഗ്രത

ന്യൂഡല്‍ഹി:  രാജ്യത്ത് 15പേര്‍ക്കു കൂടി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലുള്ള 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോറോണ വൈറസ് ബാധിതരുടെ എണ്ണം പതിനെട്ടായി.

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നടത്തിയ സാംപിളുകളുടെ പരിശോധന ഫലം പോസിറ്റിവാണ്. രോഗബാധിതര്‍ ഐടിബിപി ക്യാംപിലെ ഐസലേഷന്‍ വാര്‍ഡുകളിലാണ് ഉള്ളത്. ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്. ഇറ്റാലിയന്‍ യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. രാജസ്ഥാനിലുളള ഒരു ഇറ്റാലിയന്‍ ദമ്പതികള്‍, ബംഗളരൂവിലുള്ള ഒരു ടെക്കിയും, ഡല്‍ഹിയില്‍ നിന്ന് ഇറ്റലിയില്‍ പോയി വന്ന ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്.

നോയിഡില്‍ കൊറോണ ബാധ സംശയിച്ചവരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനന്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

കൊച്ചിയിലെത്തിയ ഇറ്റാലിയന്‍ ആഢംബരക്കപ്പലിലെ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. കപ്പലില്‍ ആകെ 459 യാത്രക്കാരാണ് ഉള്ളത്. അതില്‍ 305 പേരും ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധിച്ച് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്.  79 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് ജയ്പൂരിലെത്തിയ ആള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി ഒരുലക്ഷത്തിലെറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com