ചുമയും ജലദോഷവും ഉള്ളവരെ അകറ്റിനിര്‍ത്തി ലൈംഗിക തൊഴിലാളികള്‍; ആളില്ലാതെ കൊല്‍ക്കത്തയിലെ ചുവന്ന തെരുവ്

ചുമയും ജലദോഷവും ഉള്‍പ്പെടെ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ല
ചുമയും ജലദോഷവും ഉള്ളവരെ അകറ്റിനിര്‍ത്തി ലൈംഗിക തൊഴിലാളികള്‍; ആളില്ലാതെ കൊല്‍ക്കത്തയിലെ ചുവന്ന തെരുവ്

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ഭീതി കൊല്‍ക്കത്തിയിലെ ചുവന്ന തെരുവിനെയും സാരമായി ബാധിച്ചു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന മുപ്പതിനായിരത്തിലേറെ പേര്‍ വന്നിരുന്ന കൊല്‍ക്കത്തയിലെ സോനാഗാച്ചിയില്‍ ഇപ്പോള്‍ ഇടപാടുകാരുടെ എണ്ണം പതിനായിരത്തില്‍ താഴെ മാത്രമാണ്. 

കൊറോണ വൈറസ് ബാധ കാരണം ചില തൊഴിലാളികള്‍ മാറിനില്‍ക്കുന്നതും ഇടപാടുകാരുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. ഭീതിയെ തുടര്‍ന്ന് ആളുകള്‍ ശാരീരികമായി അടുത്തിടപഴകാന്‍ ഭയക്കുന്നതിനാലാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് കൊല്‍ക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ഡിഎംഎസ്എസിന്റെ അധ്യക്ഷ ബിഷാഖ പറഞ്ഞു.  

ഏകദേശം മുപ്പതിനായിരത്തോളം പേരാണ് സ്ഥിരമായി സോനാഗാച്ചിയില്‍ എത്തിയിരുന്നത്. ഇപ്പോഴത് പതിനായിരത്തില്‍ താഴെയായി കുറഞ്ഞു. ചുമയും ജലദോഷവും ഉള്‍പ്പെടെ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ലൈംഗികത്തൊഴിലാളികളും അടുപ്പിക്കുന്നില്ല ബിഷാഖ കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ മാസ്‌കുകള്‍ അടക്കം വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള അവശ്യവസ്തുക്കളുടെ ലഭ്യത കുറവുണ്ടെന്നും ഇവര്‍ പറയുന്നു. 

കൊറോണ വൈറസ് ബാധ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കഴിഞ്ഞ മൂന്നുദിവസമായി ഇടപാടുകാരെ സ്വീകരിക്കുന്നില്ലെന്ന് തെരുവിലെ ഒരു ലൈംഗികത്തൊഴിലാളിയും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഡിഎംഎസ്എസിന്റെ ആഭിമുഖ്യത്തില്‍ സോനാഗാച്ചിയില്‍ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. കൊറോണ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com