മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മെയ് 21 ന്  ; മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയ്ക്ക് ആശ്വാസം

മഹാരാഷ്ട്ര ഉപരിസഭയിലെ ഒമ്പത് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മെയ് 21 ന്  ; മുഖ്യമന്ത്രി  ഉദ്ധവ് താക്കറെയ്ക്ക് ആശ്വാസം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 21 ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നത്തെ യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്ര ഉപരിസഭയിലെ ഒമ്പത് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്തെ ഒരു സഭയിലും അംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസകരമാണ്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിനും വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിലെ ഒരു സഭയിലും അംഗമല്ല. മന്ത്രിപദവിയിലുള്ള ആള്‍ ആറുമാസത്തിനകം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് മെയ് 28 നകം താക്കറെ നിയമസഭാംഗമാകേണ്ടതാണ്.

നിലവിലെ സാഹചര്യത്തില്‍ ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനോ, തെരഞ്ഞെടുപ്പ് നടത്താനോ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തയ്യാറായിരുന്നില്ല.

ഇതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കോവിഡ് പ്രതിസന്ധിക്കിടെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. കഴിഞ്ഞദിവസം വിഷയത്തില്‍ ഇടപെടണമെന്നും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com