രണ്ടാം ഉത്തേജന പാക്കേജ് ഉടന്‍; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍, മോദിയുടെ മുമ്പില്‍ ധനമന്ത്രി രൂപരേഖ വിശദീകരിക്കും

കോവിഡ് മൂലം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
രണ്ടാം ഉത്തേജന പാക്കേജ് ഉടന്‍; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍, മോദിയുടെ മുമ്പില്‍ ധനമന്ത്രി രൂപരേഖ വിശദീകരിക്കും

ന്യൂഡല്‍ഹി: കോവിഡ് മൂലം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി വിവിധ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി വരികയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങി നിര്‍ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമായാണ് മോദി ചര്‍ച്ച നടത്തുന്നത്. ഇതിന് പുറമേ ലോക്ക്ഡൗണ്‍ വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളില്‍ ഒന്ന് എന്ന നിലയില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെയും അഭിപ്രായം തേടി. 

പതിവായി എല്ലാ മാസത്തിന്റെയും തുടക്കത്തില്‍ ജിഎസ്ടി പിരിവിന്റെ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഇത് നീട്ടിവെച്ചിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയും സ്വീകരിക്കേണ്ട പദ്ധതികളെയും കുറിച്ചുളള വിശദമായ രൂപ രേഖ നിര്‍മ്മലാ സീതാരാമന്‍ മോദിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

കഴിഞ്ഞദിവസം തൊഴില്‍, വ്യോമയാനം , ഊര്‍ജ്ജം എന്നി വകുപ്പുകളുടെ മന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു വരികയാണ് പ്രധാനമന്ത്രി. ആഭ്യന്തര വിപണിയെ വീണ്ടെടുക്കുന്നതിന് വേണ്ടി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചാണ് മുഖ്യമായി ആലോചിക്കുന്നത്. മാര്‍ച്ച് അവസാനം 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ വീണ്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നതാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com